വ്യാജ ഐഫോണുകള്‍ വില്‍പ്പന നടത്തി തട്ടിപ്പ്: മുന്നറിയിപ്പുമായി റിച്ച്മണ്ട് ആര്‍സിഎംപി 

By: 600002 On: May 3, 2023, 3:34 PM

 

ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സിലൂടെ വ്യാജ ഐഫോണുകള്‍ വില്‍പ്പന നടത്തി ആളുകളുടെ പക്കല്‍ നിന്നും പണം തട്ടുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി റിച്ച്മണ്ട് ആര്‍സിഎംപി. ഏറ്റവും പുതിയ തലമുറ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന തട്ടിപ്പുകാര്‍ വ്യാജ ഐഫോണുകള്‍ കാണിച്ച് തട്ടിപ്പിനിരയാക്കുന്നു. ഇത്തരത്തില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു. 

ഫോണ്‍ കണ്ട് ഇഷ്ടപ്പെടുന്ന ഇരകള്‍ക്ക് പണം കൈമാറ്റം ചെയ്തതിന് ശേഷം ഫോണിന്റെ വ്യാജ പതിപ്പ് കൈമാറുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. മിക്ക വില്‍പ്പനകളും ഓണ്‍ലൈന്‍ വഴിയായിരിക്കും നടക്കുക. പണം കൈമാറിയതിന് ശേഷം മാത്രമായിരിക്കും തട്ടിപ്പിനിരയാക്കപ്പെട്ടതായി ഇരകള്‍ തിരിച്ചറിയുക. ഇത്തരത്തില്‍ ഫോണ്‍ പോലുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.