കാനഡയിലെയും യുഎസിലെയും ഏറ്റവും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ 

By: 600002 On: May 3, 2023, 3:14 PM

 

മറ്റ് വ്യവസായങ്ങളേക്കാള്‍ നോര്‍ത്ത് അമേരിക്കയിലെ ഖനന വ്യവസായമാണ് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള എണ്‍വയോണ്‍മെന്റല്‍ കോ-ഓപ്പറേഷന്‍ കമ്മീഷനാണ് (CEC) റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കാനഡ, മെക്‌സിക്കോ, യുഎസ് എന്നിവടങ്ങളിലെ ഏകദേശം 24,000 ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റികളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് 2020 ല്‍ മാത്രം 5.2 ബില്യണ്‍ കിലോഗ്രാമിലധികം മാലിന്യമാണ് പുറംന്തള്ളുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 46 ശതമാനം(2.4 ബില്യണ്‍ കിലോഗ്രാം) കാനഡയില്‍ നിന്നാണ് വരുന്നത്. മെക്‌സിക്കോയില്‍ നിന്ന് 0.35 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. യുഎസില്‍ പുറംന്തള്ളുന്നത് 53 ശതമാനം മാലിന്യമാണ്. 

മൊത്തം വ്യാവസായിക മലിനീകരണത്തിന്റെ അളവ് ഏറ്റവും കൂടുതല്‍ ഖനന വ്യവസായത്തില്‍(36 ശതമാനം) നിന്നാണ്. ഇതിന് പിന്നാലെ മെറ്റല്‍ മാനുഫാക്ചറിംഗ്( 12 ശതമാനം), കെമിക്കല്‍ മാനുഫാക്ചറിംഗ്(11 ശതമാനം), ഗ്യാസ് എക്‌സ്ട്രാക്ഷന്‍( ഏഴ് ശതമാനം) എന്നിവയാണ് മറ്റ് മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍.