ബ്രിട്ടീഷ് കൊളംബിയയില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം ഏകദേശം എല്ലാ വ്യവസായങ്ങളെയും ബാധിക്കുന്നതിനാല്‍ ജനജീവിതത്തിലും പ്രത്യാഘാതങ്ങളുണ്ടായി തുടങ്ങിയിട്ടുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ പ്രവിശ്യയില്‍ പുതിയ നൈപുണ്യ പരിശീലന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് പ്രീമിയര്‍ ഡേവിഡ് എബി. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കും തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണുന്നതിനാണ് സ്‌കില്‍സ് ട്രെയ്‌നിംഗ് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഡേവിഡ് എബി വാന്‍കുവറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടെക്, കണ്‍സ്ട്രക്ഷന്‍, ക്ലീന്‍ എനര്‍ജി എന്നിവയിലെ ഇന്‍ ഡിമാന്‍ഡ് ജോലികള്‍ക്കായുള്ള ട്യൂഷനുകള്‍ ഉള്‍ക്കൊള്ളുന്ന 3,500 ഡോളറിന്റെ ഫ്യൂച്ചര്‍ സ്‌കില്‍സ് ഗ്രാന്റാണ് പദ്ധതിയുടെ പ്രധാന സവിശേഷത. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 8,500 പേര്‍ക്ക് പരിശീലനം നല്‍കാണ് ലക്ഷ്യമിടുന്നത്.
റാപിഡ് റെസ്‌പോണ്‍സ് ട്രെയ്‌നിംഗ്, പുതിയ ജോലികള്‍ക്കായി ആളുകളെ പരിശീലിപ്പിക്കുന്നതിന് റീ എജ്യുക്കേഷന്‍ ഹബ്, തൊഴിലവസരങ്ങളുമായി സ്‌കൂളുകളെ ബന്ധിപ്പിക്കല്‍, ഫോറിന്‍ ക്രെഡന്‍ഷ്യല്‍ റെക്കഗ്നിഷ്യന്‍ കാര്യക്ഷമമാക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് നടപടി ക്രമങ്ങള്‍.
കൂടുതല്‍ സ്വദേശികളെയും തടസ്സങ്ങള്‍ നേരിടുന്ന മറ്റുള്ളവരെയും പരിശീലിപ്പിച്ച് തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.