റിക്രൂട്ട്‌മെന്റ് ക്രൈസിസ്: നേവല്‍ എക്‌സ്പീരിയന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് റോയല്‍ കനേഡിയന്‍ നേവി 

By: 600002 On: May 3, 2023, 9:12 AM

 

കനേഡിയന്‍ സായുധസേനയിലെ അംഗങ്ങളുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രോഗ്രാം ആരംഭിച്ചതായി റോയല്‍ കനേഡിയന്‍ നേവി അറിയിച്ചു. നേവല്‍ എക്‌സിപീരിയന്‍സ് പ്രോഗ്രാം(NEP) എന്ന പേരില്‍ ഒരു വര്‍ഷത്തെ പ്രോഗ്രാമാണ് ആരംഭിക്കുന്നതെന്ന് അഡ്മിറല്‍ ആംഗസ് ടോപ്ഷീ അറിയിച്ചു. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന മുന്‍കാല പരിശീലന പരിപാടികളെ അപേക്ഷിച്ച്, കനേഡിയന്‍ പൗരന്മാരെ നാവികസേനയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേവല്‍ എക്‌സ്പീരിയന്‍സ് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. 

നോവാ സ്‌കോഷ്യയിലോ ബീസിയിലോ ഉള്ള ഹോം ബേസില്‍ വെച്ച് ഒമ്പത് മാസത്തെ പരിശീലനം നല്‍കിയ ശേഷം ഒരു ജനറല്‍ ഡ്യൂട്ടി നാവികനാകാന്‍ ട്രെയിനികള്‍ക്ക് എട്ടാഴ്ചത്തെ അടിസ്ഥാന പരിശീലനം കൂടി നേവല്‍ എക്‌സ്പീരിയന്‍സ് പ്രോഗ്രാം വഴി നല്‍കും. ട്രെയിനികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 42,000 ഡോളര്‍ വേതനം നല്‍കുമെന്നും ടോപ്ഷീ അറിയിച്ചു. 

പരിശീലന കാലാവധി പൂര്‍ത്തിയാക്കുന്ന ട്രെയിനികള്‍ക്ക് നാവികസേനയില്‍ മുഴുവന്‍ സമയമോ പാര്‍ട്ട് ടൈമോ ആയി തുടരാം. പങ്കെടുക്കുന്നവരില്‍ 80 ശതമാനം ട്രെയിനികളെയും മുഴുവന്‍ സമയ അംഗങ്ങളാകാന്‍ റോയല്‍ കനേഡിയന്‍ നേവി ലക്ഷ്യമിടുന്നതായി ടോപ്ഷീ പറയുന്നു.