2022 ല്‍ വാന്‍കുവര്‍ പോര്‍ട്ട് ട്രാഫിക് കുറഞ്ഞു; വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയെന്ന് വിദഗ്ധര്‍

By: 600002 On: May 2, 2023, 11:43 AM

 

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ കാനഡയിലെ ഏറ്റവും വലിയ തുറമുഖമായ വാന്‍കുവര്‍ ഫ്രേസര്‍ പോര്‍ട്ടില്‍ ചരക്ക് വരവ് കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2022 രണ്ടാം പകുതിയില്‍ ധാന്യങ്ങളുടെയും വളങ്ങളുടെയും കയറ്റുമതി ഉയര്‍ന്നതായി വാന്‍കുവര്‍ ഫ്രേസര്‍ പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ 2021 ല്‍ വിളവെടുപ്പിലും വിതരണ ശൃംഖലയിലുമുണ്ടായ പ്രശ്‌നങ്ങള്‍ മൂലം നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 

ഒരു വര്‍ഷത്തിലേറെയായി വര്‍ധിച്ചുവരുന്ന കണ്ടെയ്‌നര്‍ ട്രാഫിക്കിന് ശേഷം, കണ്‍സ്യൂമര്‍ ഡിമാന്‍ഡിലുണ്ടായ കുറവും ഓവര്‍സ്‌റ്റോക്ക്ഡ് ഇന്‍വെന്ററീസും കാരണം ഇറക്കുമതി നാല് ശതമാനം കുറഞ്ഞുവെന്ന് പോര്‍ട്ട് അതോറിറ്റി സിഇഒ റോബിന്‍ സില്‍വെസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പോര്‍ട്ടിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള നീക്കത്തിലാണ് പോര്‍ട്ട്. 

റോബര്‍ട്‌സ് ബാങ്ക് ടെര്‍മിനല്‍ 2 പ്രോജക്ട് എന്ന് വിളിക്കപ്പെടുന്ന പുതിയ ടെര്‍മിനലിന് 50 സതമാനത്തോളം ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ടെര്‍മിനല്‍ നിര്‍മാണത്തിന് കഴിഞ്ഞ മാസം ഫെഡറല്‍ സര്‍ക്കാരിന്റെ അനുമതിയും ലഭിച്ചുകഴിഞ്ഞു. എന്നാല്‍ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് മറ്റ് വകുപ്പുകളില്‍ നിന്നുള്ള അംഗീകാരവും ലഭ്യമാക്കേണ്ടതുണ്ട്.