ഒന്റാരിയോയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍ബന്ധിത മാനസികാരോഗ്യ പാഠ്യപദ്ധതി അവതരിപ്പിക്കുന്നു 

By: 600002 On: May 2, 2023, 10:36 AM

 

പ്രവിശ്യയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍ബന്ധിത മാനസികാരോഗ്യ കേന്ദ്രീകൃത പാഠ്യപദ്ധതി അവതരിപ്പിക്കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍. 7,8 ക്ലാസ് മുറികളില്‍ പുതിയ പഠന സാമഗ്രികളും ഗ്രേഡ് 10 കരിക്കുലത്തില്‍ മെന്റല്‍ ഹെല്‍ത്ത് ലിറ്ററിസിയും ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

എലിമെന്ററി സ്‌കൂള്‍ മൊഡ്യൂളുകള്‍ ആരോഗ്യ, ശാരീരിക വിദ്യാഭ്യാസ പാഠ്യപദ്ധതിയുമായി സംയോജിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്‌സെ പറഞ്ഞു. സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയുക, സഹായം എങ്ങനെ നേടാമെന്ന് പഠിക്കുക എന്നിവയാണ് പാഠ്യപദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ മാറ്റങ്ങള്‍ സെപ്റ്റംബറില്‍ 7,8 ഗ്രേഡുകളില്‍ ആരംഭിക്കും. ഹൈസ്‌കൂള്‍ പാഠ്യപദ്ധതി 2024 വരെ തുടരും.  

പീപ്പിള്‍ ഫോര്‍ എജ്യുക്കേഷന്‍(PFE)  നടത്തിയ സര്‍വേ പ്രകാരം ക്ലാസ് മുറികളിലുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളോട് പ്രതികരിക്കാനുള്ള വിഭവങ്ങളുടെ അഭാവമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയില്‍ പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ 91 ശതമാനം സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരും വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പിന്തുണ അത്യാവശ്യമാണെന്ന് പറയുന്നു. 

മാനസികാരോഗ്യ പ്രൊഫഷണലുകളെ നിയമിക്കുക എന്നതുള്‍പ്പെടെ സമ്മര്‍ സീസണില്‍ മാനസികാരോഗ്യ സേവനങ്ങള്‍ക്കായി ഈ വര്‍ഷം 12 മില്യണ്‍ ഡോളറും അടുത്ത വര്‍ഷം 14 മില്യണ്‍ ഡോളറും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.