എഐ അപകടങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ച: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടാവ് ഗൂഗിളില്‍ നിന്നും രാജിവെച്ചു 

By: 600002 On: May 2, 2023, 9:34 AM

 


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടാവ് ടൊറന്റോയിലെ പ്രൊഫസറുമായ ജെഫ്രി ഹിന്റണ്‍(75) ഗൂഗിളില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. എഐയുടെ അപകടങ്ങളെക്കുറിച്ച് വിശദമായി തുറന്ന് ചര്‍ച്ച ചെയ്യാനാണ് താന്‍ രാജിവെക്കുന്നതെന്നാണ് ഹിന്റന്റെ വിശദീകരണം. ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസറായ ജെഫ്രി ഹിന്റനെ ഡീപ് ലേണിംഗിന്റെ ഗോഡ്ഫാദറെന്നാണ് വിശേഷിപ്പിക്കുന്നത്. ഡീപ് ലേണിംഗിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും പ്രത്യാഘാതങ്ങളെക്കുറിച്ച് സ്വതന്ത്രമായി ചര്‍ച്ച ചെയ്യാനുള്ള തന്റെ ആഗ്രഹമാണ് ഗൂഗിളില്‍ നിന്നും പുറത്തിറങ്ങണമെന്നതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു ബ്രിട്ടീഷ്-കനേഡിയന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ഹിന്റണ്‍, ഡീപ് ന്യൂറല്‍ നെറ്റ്‌വര്‍ക്ക് മുന്നേറ്റങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് അറിയപ്പെടുന്നത്. കമ്പ്യൂട്ടിംഗ് മേഖലയിലെ നൊബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന ട്യൂറിംഗ് അവാര്‍ഡ്(Turing Award)  2018 ല്‍  അദ്ദേഹത്തിന് ലഭിച്ചിരുന്നു. 

എഐയുടെ അപകടങ്ങള്‍ ഏത് തരത്തില്‍ ബാധിക്കുമെന്ന് പരിഗണിക്കാതെ സ്വതന്ത്രമായി സംസാരിക്കാന്‍ ഗൂഗിളില്‍ നിന്നും പുറത്തുപോകുന്നതിനാല്‍ തനിക്ക് സാധിക്കുമെന്ന് ഹിന്റണ്‍ ട്വിറ്ററില്‍ കുറിച്ചു. സാങ്കേതികവിദ്യ നടപ്പിലാക്കുന്നതില്‍ ഗൂഗിള്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് ഹിന്റണ്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ മനുഷ്യനോളം ബുദ്ധിയുളളവയല്ല ചാറ്റ് ബോട്ടുകള്‍. എന്നാല്‍ ഉടനെതന്നെ മനുഷ്യ മസ്തിഷ്‌ക്കങ്ങളെ മറിക്കടക്കാന്‍ നിര്‍മിത ബുദ്ധിക്കാകുമെന്നാണ് വിലയിരുത്തലെന്ന് ജെഫ്രി ഹിന്റണ്‍ മുന്നറയിപ്പ് നല്‍കുന്നു. നിര്‍മിത ബുദ്ധി ലോകത്തുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് പ്രചാരണം നടത്താന്‍ ഇനിയുള്ള കാലം ഉപയോഗിക്കും, ഗൂഗിളില്‍ നിന്നുള്ള പടിയിറക്കം ഇതിന് തനിക്ക് കരുത്ത് പകരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിര്‍മിത ബുദ്ധിയുടെ സാധ്യകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ആഗോള തലത്തില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയും, വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ സാങ്കേതിക വിദ്യ ഉപയോഗത്തിലേക്ക് തിരിയുകയും ചെയ്യുന്നതിനിടെയാണ് എഐയുടെ ദുരുപയോഗം ലോകത്തിനു വെല്ലുവിളി സൃഷ്ടിക്കുമെന്ന് അദ്ദേഹം തുറന്നു പറയുന്നത്.