പിഎസ്എസി പണിമുടക്ക് അവസാനിച്ചു; പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: May 2, 2023, 7:55 AM

 

ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് അവസാനിച്ച സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പുനനരാരംഭിക്കുന്നതായി ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. ട്രഷറി ബോര്‍ഡുമായി രാജ്യത്തുടനീളമുള്ള 120,000 ത്തിലധികം ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു താല്‍ക്കാലിക കരാറിലെത്തിയതിനെ തുടര്‍ന്നാണ് പണിമുടക്ക് അവസാനിപ്പിച്ചത്. പണിമുടക്ക് അവസാനിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചതിനാല്‍ തടസ്സം നേരിട്ട സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

ഏറ്റവും കൂടുതല്‍ പണിമുടക്ക് ബാധിച്ച മേഖലകളിലൊന്നായ പാസ്‌പോര്‍ട്ട് സര്‍വീസ് ഉടന്‍ അതിന്റെ സേവനങ്ങള്‍ വേഗത്തിലാക്കാനും ബാക്ക്‌ലോഗുകളും കാലതാമസവും നീക്കാനും ജീവനക്കാര്‍ പ്രവര്‍ത്തിക്കുമെന്ന്  ഫാമിലീസ്, ചില്‍ഡ്രന്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ കരീന ഗൗള്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

പണിമുടക്ക് കാലയളവില്‍ മാനുഷിക അല്ലെങ്കില്‍ അടിയന്തര സാഹചര്യങ്ങള്‍ മാത്രം പരിഗണിച്ച് അത്യാവശ്യമെന്ന് കരുതുന്ന പാസ്‌പോര്‍ട്ടുകള്‍ മാത്രമാണ് പ്രോസസ് ചെയ്തിരുന്നത്. പണിമുടക്ക് അവസാനിച്ചതിനാല്‍ ഇനിമുതല്‍ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്കും പുതുക്കുന്നവര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് മന്ത്രി അറിയിച്ചു. ജീവനക്കാര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കില്‍ ഒന്നാണിതെന്നാണ് യൂണിയന്‍ വിശേഷിപ്പിക്കുന്നത്. ജീവനക്കാരുടെ ആവശ്യങ്ങളില്‍ നിരന്തരമായ ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോഴാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ യൂണിയന്‍ തീരുമാനിച്ചത്. ഏപ്രില്‍ 19 മുതല്‍ ഇവര്‍ രാജ്യത്തുടനീളമുള്ള സ്ഥലങ്ങളില്‍ പിക്കറ്റ് ആരംഭിച്ചിരുന്നു.