ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഉത്സവ ലഹരിയിൽ

By: 600116 On: May 2, 2023, 5:10 AM

റിപ്പോർട്ടർ: സുരേഷ് കരുണാകരൻ 


ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ 2023 വർഷത്തിലെ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ഏപ്രിൽ 27 ന് ക്ഷേത്ര തിരുമുറ്റത്ത് തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. കേരളാ ഹിന്ദു സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരപ്പൻ ക്ഷേത്ര ഭാരവാഹികൾ വിപുലമായ ആഘോഷപരിപാടികളാണ് ഈ വർഷത്തെ ഉത്സവത്തിനോടനുബന്ധിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 

ഉത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രാങ്കണം ദീപാലങ്കാരങ്ങളാൽ മോടിപിടിപ്പിക്കുകയും ഭക്തജനങ്ങൾക്ക്‌ ക്ഷേത്ര ദർശനത്തിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരിക്കുന്നു. ഏപ്രിൽ 27 മുതൽ 10 ദിവസം നീളുന്ന വിശേഷാൽ പൂജകളും ആഘോഷ പരിപാടികളും ഭക്തജനങ്ങൾക്ക് ഉത്സവ ലഹരിയാണ് സമ്മാനിച്ചിരിക്കുന്നത്. ഉത്സവത്തിന് മാറ്റ് കൂട്ടുവാൻ കേരളത്തിൽനിന്നുള്ള മേളപ്രമാണിമാരായ പല്ലാവൂർ സഹോദരങ്ങളും എത്തി ചേർന്നിരിക്കുന്നു. ഓരോ ദിവസത്തേയും ആഘോഷ പരിപാടികൾ അവസാനിക്കുന്നത് വിവിധ കലാപരിപാടികളോടെയാണ്. വലിയ തിരക്കാണ് ഈ പരിപാടികളിൽ പങ്കെടുക്കുവാനും പരിപാടി കാണുവാനും ഓരോ ദിവസവും കാണുവാൻ സാധിക്കുന്നത്. ഹൂസ്റ്റണിലെ എല്ലാ പ്രഗത്ഭ ഡാൻസ് സ്കൂളുകളിലെ കുട്ടികളും മുതിർന്നവരും ഈ ആഘോഷ പരിപാടികളിൽ അത്യുത്സാഹത്തോടുകൂടി പങ്കെടുക്കുന്നുണ്ട്.

എല്ലാ വർഷവും നടക്കുന്നത് പോലെ ഈ വർഷവും ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പായസമേള നടത്തപ്പെട്ടു. നിരവധിപേർ പങ്കെടുത്ത ഈ പായസമേള നാവിൽ രുചിയൂറുന്ന അനുഭവമായിരുന്നു. പായസങ്ങളുടെ രുചി അറിയുവാനും മനോഹരമായ അതിന്റെ അവതരണങ്ങൾ കാണുവാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

10 ദിവസത്തെ ഉത്സവം മെയ് 6 ന് ആറാട്ടോടുകൂടി അവസാനിക്കും. സമാപന ദിവസം പ്രശസ്ത ബാൻഡ് "മസാല കോഫി" അവതരിപ്പിക്കുന്ന സംഗീത വിരുന്നും അതുപോലെ അതി ഗംഭീര വെടിക്കെട്ടും നടത്തപ്പെടുന്നു. അന്നേ  ദിവസം വൻ  ജനത്തിരക്ക് പ്രതീക്ഷിക്കുന്നത്കൊണ്ട്  വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. തുറന്ന സ്റ്റേജിൽ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് സംഗീതവിരുന്ന് പ്ലാൻ ചെയ്തിരിക്കുന്നത്. ജനത്തിരക്ക് മുന്നിൽ കണ്ട്കൊണ്ട് അന്നേ ദിവസം പ്രത്യേക പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.