എഡ്മന്റണില്‍ കാണാതായ എട്ടു വയസ്സുകാരിയുടെ മൃതദേഹം മാസ്‌ക്‌വാസിസില്‍ കണ്ടെത്തി 

By: 600002 On: May 1, 2023, 1:13 PMഎഡ്മന്റണില്‍ നിന്നും കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആല്‍ബെര്‍ട്ടയിലെ മാസ്‌ക്‌വാസിസില്‍ കണ്ടെത്തിയതായി ശനിയാഴ്ച പോലീസ് അറിയിച്ചു. മാസ്‌ക്‌വാസിസിലെ സാംസണ്‍ ക്രീ നേഷനില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് എഡ്മന്റണ്‍ പോലീസ് സര്‍വീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ തന്നെയാണ് കണ്ടെത്തിയത് എന്ന് ഉറപ്പുണ്ടെങ്കിലും തിങ്കളാഴ്ച നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് പോലീസെന്ന് ഇപിഎസ് പ്രസ്താവനയില്‍ പറഞ്ഞു. 

ഏപ്രില്‍ 24ന് 87 അവന്യു, 165 സ്ട്രീറ്റിലെ ഒരു വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് ഇപിഎസിന്റെ ഹോമിസൈഡ് സെക്ഷനാണ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്തതായാണ് പോലീസ് നല്‍കുന്ന സൂചന. പ്രതികള്‍ക്ക് പെണ്‍കുട്ടിയുമായി പരിചമുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.