ജലം സംരക്ഷിക്കാന്‍ വാങ്ങൂ റെയിന്‍ ബാരല്‍; ആശയവുമായി ഗ്രീന്‍ കാല്‍ഗറി 

By: 600002 On: May 1, 2023, 11:53 AM

 

കാല്‍ഗറിയില്‍ ഇപ്പോള്‍ മഴക്കാലമാണ്. ഈ മഴക്കാലത്ത് മഴവെള്ളം സംഭരിക്കാനും സംരക്ഷിക്കാനും പ്രോത്സാഹനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗ്രീന്‍ കാല്‍ഗറി എന്ന ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച റെയിന്‍ ബാരല്‍ വില്‍പ്പന നടത്തി. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ രീതികള്‍ക്കൊപ്പം, മഴവെള്ളം സംഭരിച്ചുവെക്കുന്നത് കമ്മ്യൂണിറ്റിയെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഗ്രീന്‍ കാല്‍ഗറി പറയുന്നു. വെള്ളം സംഭരിച്ചു വെക്കാമെന്നത് മാത്രമല്ല അഴുക്കുകളും മാലിന്യവും നദികളിലേക്ക് ഒഴുകുന്നത് തടയാനും സാധിക്കും. റീസൈക്കിള്‍ ചെയ്ത മെറ്റീരിയല്‍ ഉപയോഗിച്ച് പ്രാദേശികമായി നിര്‍മിച്ച ഗ്രീന്‍ കാല്‍ഗറി റെയിന്‍ ബാരലുകള്‍ക്ക് 78 ഡോളറാണ് വില. കാലാവധി പരിമിതമാണ്. പിക്കപ്പ്, ഡെലിവറി ഓപ്ഷനുകള്‍ ലഭ്യമാണ്.  

ഒരു റെയിന്‍ ബാരലിന് ഒരു വര്‍ഷം 900 ഗാലന്‍ വെള്ളം സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ഗ്രൂപ്പ് അവകാശപ്പെട്ടു. റെയിന്‍ ബാരല്‍ വാങ്ങാന്‍ സാധിക്കാതിരുന്നവര്‍ക്ക് മെയ് 13 ശനിയാഴ്ച, ജെനസിസ് സെന്ററിലും ജൂണ്‍ 3 ശനിയാഴ്ച കാല്‍ഗറി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയിലും വില്‍പ്പനയ്‌ക്കെത്തുമെന്ന് ഗ്രീന്‍ കാല്‍ഗറി അറിയിച്ചു. ജൂണ്‍ 10 വിവോ ഹെല്‍ത്തിയര്‍ ജനറേഷന്‍സിലും ലഭ്യമാകും.