വാൻകൂവറിൽ പുൽത്തകിടികൾ നനയ്ക്കുന്നതിന് നിയന്ത്രണം വരുന്നു

By: 600110 On: Apr 30, 2023, 5:20 AM

 

 

മെട്രൊ വാൻകൂവർ മേഖലയിൽ മെയ് 1 മുതൽ പുൽത്തകിടികൾ നനയ്ക്കുന്നതിന് നിയന്ത്രണം വരുന്നു. ഇത് ആഴ്ച്ചയിൽ ഒരു ദിവസം മാത്രമേ അനുവദിക്കുകയുള്ളൂ. ഇരട്ടസംഖ്യയുള്ള താമസ സ്ഥലങ്ങൾക്ക് ശനിയാഴ്ച്ചയും ഒറ്റസംഖ്യയുള്ളവയ്ക്ക് ഞായറാഴ്ച്ചയുമാണ് നനയ്ക്കാനുള്ള അനുവാദം. ഓട്ടോമാറ്റിക് സംവിധാനം ഉള്ള ഇടങ്ങളിൽ ഇത് രാവിലെ 5 നും 7 നും ഇടയിലും, മാന്വൽ സംവിധാനങ്ങൾ ഉള്ള ഇടങ്ങളിൽ രാവിലെ 6 നും 9 നും ഇടയിലുമാണ് നനയ്ക്കാനുള്ള അനുവാദം. പാർപ്പിടം അല്ലാതെയുള്ള ഇടങ്ങൾക്കും ഈ നിയമം പാലിക്കേണ്ടതുണ്ട്. അവയുടെ റെജിസ്ട്രേഷൻ നമ്പർ ഇരട്ട സംഖ്യയാണെങ്കിൽ തിങ്കളാഴ്ച്ചയും ഒറ്റ സംഖ്യയാണെങ്കിൽ ചൊവ്വാഴ്ച്ചയുമാണ് അനുവദിച്ചിരിക്കുന്ന സമയം. ഓട്ടോമാറ്റിക് രീതിയാണെങ്കിൽ രാവിലെ 4 മുതൽ 6 വരെയും മാന്വൽ ആണെങ്കിൽ രാവിലെ 6 മുതൽ 9 വരെയുമാണ് സമയക്രമം.

നഗരസഭ അംഗങ്ങൾക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്. നിയമലംഘനം നടത്തിയാൽ $150 മുതൽ $250 വരെയാണ് പിഴ. മരങ്ങൾക്കും കുറ്റുച്ചെടികൾക്കും പൂച്ചെടികൾക്കും എല്ലാ ദിവസവും രാവിലെ 5 മുതൽ 9 വരെ നനയ്ക്കാം. ഭക്ഷ്യയോഗ്യമായ സസ്യങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല. ഒക്ടോബർ 15 വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.