സുഡാനിൽ നിന്നും വ്യോമമാർഗം രക്ഷാപ്രവർത്തനം തുടരും, നാവികസേനയുടെ കപ്പലുകൾ തയ്യാർ

By: 600110 On: Apr 29, 2023, 7:03 PM

 

 

യുദ്ധമുഖത്തു നിന്നും തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാനുള്ള നീക്കങ്ങൾ ആവുന്നത്ര തുടരും എന്ന് പ്രതിരോധമന്ത്രി അനിത ആനന്ദ് പറഞ്ഞു. വ്യാഴാഴ്ച്ചയ്ക്ക് ശേഷം സുഡാന്റെ തലസ്ഥാനമായ ഖാർടൂമിൽ നിന്ന് പറന്നുയരുന്ന അഞ്ചാത്തെ വിമാനം ശനിയാഴ്ച്ച കാനഡയിലെത്തും. കനേഡിയൻ പൗരന്മാരെ നാട്ടിലെത്തിക്കുവാൻ ഉപകരിച്ചേക്കും എന്ന പ്രതീക്ഷയിൽ നാവികസേനയുടെ രണ്ട് കപ്പലുകളും സർവസജ്ജമായി സുഡാൻ തുറമുഖത്തിനടുത്ത് നങ്കൂരമിട്ടിരിക്കുകയാണ്.

വ്യോമമാർഗവും കടൽ മാർഗവും ഉള്ള രക്ഷാപ്രവർത്തനമാണ് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രതിരോധവകുപ്പ് പറഞ്ഞു. ഇതുവരെ ഏകദേശം 375 ആളുകളെ തിരികെയെത്തിച്ചതായാണ് കരുതുന്നത്. കാനഡയുടെ വിമാനങ്ങൾ കൂടാതെ സഖ്യകക്ഷികളുടെ വിമാനങ്ങളിലും ആളുകളെ തിരികെയെത്തിക്കുന്നുണ്ട്. 50,000 ൽ ഏറെ അഭയാർത്ഥികൾ സുഡാന്റെ പടിഞ്ഞാറൻ അതിർത്തി കടന്ന് ചഡ്, ഈജിപ്ത്, സൗത്ത് സുഡാൻ, സെന്റ്രൽ ആഫ്രിക്കൻ റിപബ്ളിക് എന്നിവിടങ്ങളിലേയ്ക്ക് പലായനം ചെയ്തതായിട്ടാണ് കരുതുന്നത്.