കാല്‍ഗറിയില്‍ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു 

By: 600002 On: Apr 29, 2023, 1:37 PM


കാല്‍ഗറിയില്‍ കെല്‍വിന്‍ ഗ്രോവിലെ സൗത്ത്‌വെസ്റ്റ് കമ്മ്യൂണിറ്റിയില്‍ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച യുവതിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിയുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 14 നാണ് സംഭവം. കെര്‍ഫൂട്ട് ക്രസന്റ് സൗത്ത് വെസ്റ്റിലെ 900 ബ്ലോക്കിലെ ഒരു വീടിന്റെ പുറകിലുള്ള ഇടവഴിയില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ വന്ന സ്ത്രീയും പുരുഷനുമാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 

വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ പുരുഷന്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും സംഭവം മറ്റുള്ളവര്‍ അറിഞ്ഞതോടെ രക്ഷപ്പെടാനായി സ്ത്രീ കാറിന്റെ ഹോണ്‍ മുഴക്കി പുരുഷനുമായി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് സംഭവ സ്ഥലത്തെത്തുന്നതിന് മുമ്പ് പ്രതികള്‍ രക്ഷപ്പെട്ടു. സംഭവ സമയത്ത് വീടിനുള്ളില്‍ ആളുണ്ടായിരുന്നില്ല. വാതില്‍ ശക്തിയായി തള്ളിത്തുറക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ പോലീസ് കണ്ടെത്തി. പുരുഷനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീയെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച പോലീസ് രേഖാ ചിത്രം പുറത്തുവിട്ടു.