കാനഡയില്‍ ജനസംഖ്യാ വളര്‍ച്ചയ്‌ക്കൊപ്പം പാര്‍പ്പിട നിര്‍മാണം സാധ്യമാകുന്നില്ല: റിപ്പോര്‍ട്ട്

By: 600002 On: Apr 29, 2023, 1:20 PM

 


കാനഡയിലെ ജനസംഖ്യ ഈ വര്‍ഷം ഇതുവരെ അഭൂതപൂര്‍വ്വമായ വേഗത്തിലാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജനസംഖ്യാ വളര്‍ച്ചയ്ക്കനുസൃതമായി രാജ്യത്ത് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും പ്രതീക്ഷിക്കുന്ന വളര്‍ച്ചാ വേഗത കൈവരിക്കാനും സാധിക്കുന്നില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. നാഷണല്‍ ബാങ്ക് ഓഫ് കാനഡ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് ഏപ്രിലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ രാജ്യത്ത് വര്‍ക്കിംഗ് ഏജ് വിഭാഗത്തിലെ ജനസംഖ്യ മാര്‍ച്ച് മാസത്തില്‍ മാത്രം 80,000 ആയി വര്‍ധിച്ചതായി പറയുന്നു. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ 204,000 പേരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാനഡയില്‍ പുതിയ ഭവന നിര്‍മാണം വേഗതയില്‍ എത്തിയിട്ടില്ലെന്നും, ഈ വര്‍ഷം ആദ്യ പാദത്തില്‍ 57,000 പുതിയ യൂണിറ്റുകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

വര്‍ക്കിംഗ് ഏജ് വിഭാഗത്തിലുള്ള ജനസംഖ്യയുമായി ഭവന നിര്‍മാണത്തിന്റെ അനുപാതം നിലവില്‍ 0.27 ആണ്. ഇത് എക്കാലത്തെയും റെക്കോര്‍ഡ് ഇടിവാണ്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം ഏകദേശം 500,000 പുതിയ കുടിയേറ്റക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് നിലവിലെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി.