മെട്രോ വാന്‍കുവറിലെ എയര്‍ബിഎന്‍ബി റെന്റലില്‍ ഒളിക്യാമറ കണ്ടെത്തിയതായി പരാതി. സണ്‍ഷൈന്‍ കോസ്റ്റില്‍ നിന്നും വാന്‍കുവറില്‍ പിറന്നാള്‍ ആഘോഷിക്കാനെത്തിയ കെന്നഡി കാള്‍വെല്ലും സൂഹൃത്തുക്കളുമാണ് ഒളിക്യാമറ കണ്ടെത്തിയത്. തങ്ങള്‍ക്കുണ്ടായ മോശം അനുഭവം കാള്‍വെല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. മാര്‍ച്ച് മാസത്തിലാണ് സംഭവം. റെന്റല്‍ റൂമിലെത്തിയ രാത്രിയിലാണ് ക്യാമറ കണ്ടെത്തിയതെന്ന് സംഘം പറയുന്നു. എയര്‍ബിഎന്‍ബിയിലൂടെ എടുത്ത ഗിബ്ബ്‌സണ്‍സ് റെന്റലിലാണ് ക്യാമറ കണ്ടെത്തിയത്.
രണ്ട് ബാത്ത്‌റൂമുകളിലും ഔട്ട്‌ലെറ്റ് സോക്കറ്റിന്റെ അടിയില്‍ ഷവറിന്റെ ദിശയ്ക്ക് അഭിമുഖമായാണ് ക്യാമറ കണ്ടെത്തിയത്. സോക്കറ്റില്‍ നിന്നും ക്യാമറ നീക്കാന്‍ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ലെന്ന് അവര്‍ പറയുന്നു. തുടര്‍ന്ന് ക്യാമറ മറച്ചുവെച്ചാണ് തങ്ങള്‍ അന്ന് രാത്രി ഉറങ്ങിയതെന്നും പിറ്റേന്ന് രാവിലെ കഴിയുന്നതും വേഗത്തില്‍ അവിടെ നിന്നും പോയെന്നും അവര്‍ വ്യക്തമാക്കി.
ഒളിക്യാമറകള്‍ കണ്ടെത്തിയതായി സണ്‍ഷൈന്‍ കോസ്റ്റ് പോലീസില്‍ പരാതി നല്‍കിയതായി കാള്‍വെല്‍ പറഞ്ഞു. അവര്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും വിശകലനത്തിനായി അയച്ചിട്ടുണ്ടെന്നും കാള്‍വെല്‍ പറഞ്ഞു. എന്നാല്‍ അതില്‍ തങ്ങളുടെ ഫൂട്ടേജുകള്‍ ഒന്നും പതിഞ്ഞിട്ടില്ലെന്നും കാള്‍വെല്‍ കൂട്ടിച്ചേര്‍ത്തു.