ബ്രിട്ടിഷ് കൊളംബിയയിൽ, അശ്രദ്ധമായ ഡ്രൈവിംഗിൽ പൊലിഞ്ഞത് 86 ജീവനുകൾ

By: 600110 On: Apr 29, 2023, 2:04 AM

 

 

കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പ്രകാരം അശ്രദ്ധമായ ഡ്രൈവിംഗ് മൂലം ബ്രിട്ടിഷ് കൊളംബിയയിൽ മാത്രം പൊലിഞ്ഞത് 86 പേരുടെ ജീവനാണ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 40% അധികമാണ് എന്നത് ആശങ്കയുണർത്തുന്നു. ഇൻഷുറൻസ് താരതമ്യം ചെയ്യുന്ന കമ്പനിയായ ഹലോസേഫ് ആണ് കണക്കുകൾ പുറത്തുവിട്ടത്. വാഹനാപകടവുമായി ബന്ധപ്പെട്ട് രാജ്യം മുഴുവൻ സംഭവിച്ചത് 348 മരണങ്ങളാണ്. ഇവയുടെ നാലിലൊന്ന് ബ്രിട്ടിഷ് കൊളംബിയയിലാണ്.

വാഹനം ഓടിക്കുന്നതിനിടയിൽ മെസ്സേജുകളും ഈമെയിലും അയക്കുക, GPS ഉപകരണം ഉപയോഗിക്കുക, വീഡിയോ കാണുക, വായിക്കുക, ഒരുങ്ങുക, ആഹാരം കഴിക്കുക തുടങ്ങിയ പ്രവൃത്തികളാണ് അപകടങ്ങൾക്ക് മുഖ്യ കാരണമാകുന്നത്. 60% കേസുകളിലും മൊബൈൽ ഫോൺ വില്ലനായിട്ടുണ്ട്. രാജ്യത്തു തന്നെ ഏറ്റവും കർശനമായ നിയമവും പിഴയും നിലനിൽക്കുന്നത് ബ്രിട്ടിഷ് കൊളംബിയയിലാണ്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ $543 ആണ് ബ്രിട്ടിഷ് കൊളംബിയയിലെ പിഴ. ഇതുകൂടാതെ റെക്കോർഡ്സിൽ അയോഗ്യതയും രേഖപ്പെടുത്തും.