വാൻകൂവർ ഐലന്റിലെ വിക്ടോറിയ പാർക്കിംഗ് ലോട്ടിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. ബ്ലാൻഷാർഡ് സെന്റർ എന്ന ഷോപ്പിംഗ് പ്ലാസയ്ക്ക് സമീപം രാത്രി 10 മണിയോടെയാണ് ജഡം കണ്ടെത്തിയത്. കുട്ടിയെ സമീപപ്രദേശത്തു വച്ച് തന്നെ പ്രസവിച്ചിരിക്കാനാണ് സാദ്ധ്യത എന്നും അമ്മയ്ക്ക് അടിയന്തിര ചികിത്സ ആവശ്യം വന്നേക്കാം എന്നും അന്വേഷണവിഭാഗം പറഞ്ഞു.
ദുരൂഹമരണങ്ങൾ അന്വേഷിക്കുന്ന വിഭാഗമാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്. അതോടൊപ്പം ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് എത്തി തെളിവുകൾ സ്വീകരിച്ചിട്ടുണ്ട്. സമീപത്തുള്ള റെസ്റ്റോറന്റ് താത്കാലികമായി പോലീസ് വലയത്തിലാണ്. പോലീസ് അന്വേഷണവിഭാഗം സ്ഥലത്തെ ഫോട്ടോസും മറ്റും സ്വീകരിച്ചു കഴിഞ്ഞു. മറ്റ് തെളിവുകൾക്കായി അവിടെയുള്ള ഗാർബേജ് ബിന്നുകൾ പരിശോധിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർക്ക് 250-380-6211 എന്ന നമ്പറിൽ ബന്ധപ്പെടാം എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.