വീട്ടുടമസ്ഥന് മാർക്കിടാൻ പുതിയ വെബ്സൈറ്റുമായി ഓന്റാരിയോ സ്വദേശികൾ

By: 600110 On: Apr 28, 2023, 8:19 PM

 

 

ratethelandlord.org എന്ന വെബ്സൈറ്റ് ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വാടകക്കാർക്ക് തങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ വീട്ടുടമകൾക്ക് റേറ്റിംഗ് നൽകാം എന്നതാണ് ഈ വെബ്സൈറ്റ് നൽകുന്ന സേവനം. വീടുകളും കടമുറികളും വാടകയ്ക്ക് എടുക്കുന്നതിലെ സുതാര്യതക്കുറവിൽ മനം മടുത്ത രണ്ട് ഓന്റാരിയോ സ്വദേശികളാണ് വെബ്സൈറ്റിന്റെ സ്രഷ്ടാക്കൾ. ആരോഗ്യവും സുരക്ഷയും, സ്വകാര്യത, അറ്റകുറ്റ പണികൾ തുടങ്ങിയ വിഷയങ്ങളിൽ ഒന്ന് മുതൽ അഞ്ച് വരെ എന്ന ക്രമത്തിൽ വാടകക്കാർക്ക് വീട്ടുടമസ്ഥർക്ക് മാർക്ക് ഇടാം.

തുടക്കത്തിൽ ഈ വെബ്സൈറ്റ് US ലും കാനഡയിലും മാത്രമാണ് ഉണ്ടായിരുന്നത് എങ്കിലും വാടകക്കാരുടെ യൂണിയൻ ആവശ്യപ്പെട്ടതനുസരിച്ച് ഇപ്പോൾ UK, ഓസ്ട്രേലിയ എന്നിവിടങ്ങളിലേയ്ക്കും അവരുടെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. വീട്ടുടമസ്ഥരുടെ പേരും പോസ്റ്റൽ കോഡ് മേഖലയും മാത്രമാണ് റിവ്യൂവിൽ നൽകാനാവുക. കഴിഞ്ഞ ആഴ്ച്ച പ്രവർത്തനം ആരംഭിച്ച വെബ്സൈറ്റിന് 1000 ലേറെ റിവ്യൂകളാണ് ലഭിച്ചത്. തിരക്കുമൂലം താത്കാലികമായി നിർത്തിവച്ചിരിക്കുന്ന വെബ്സൈറ്റ് വ്യാഴാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കും.