സതേണ്‍ ആല്‍ബെര്‍ട്ടയില്‍ വില്ലന്‍ചുമ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

By: 600002 On: Apr 28, 2023, 9:29 AM

 

സതേണ്‍ ആല്‍ബെര്‍ട്ടയില്‍ വില്ലന്‍ചുമ(whooping cough) ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്. ഈ പ്രദേശത്ത് 146 വില്ലന്‍ ചുമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് അതോറിറ്റി പറയുന്നു. 

ജനുവരി 26നാണ് ഈ വര്‍ഷം ആദ്യമായി വില്ലന്‍ചുമ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച ആയപ്പോഴേക്കും കേസുകള്‍ 120 ആയി വര്‍ധിച്ചതായി എഎച്ച്എസ് പറഞ്ഞു. കണ്ടെത്തിയ കേസുകളില്‍ മിക്കതും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മെഡിസന്‍ ഹാറ്റ്, ലെത്ത്ബ്രിഡ്ജ് എന്നിവടങ്ങളിലാണ്. ഒരു വയസ്സിനും ഒമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത് ഏറ്റവും സാധാരണമാണെന്നും എഎച്ച്എസ് വ്യക്തമാക്കി. 

വില്ലന്‍ചുമ ബാധിച്ച അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ച് ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എഎച്ച്എസ് അറിയിച്ചു.