താപനില ഉയരുന്ന സാഹചര്യത്തില്‍ വെസ്റ്റേണ്‍ കാനഡയിലുടനീളം ഹിമപാത മുന്നറിയിപ്പ് നല്‍കി അവലാഞ്ച് കാനഡ. പാര്‍ക്ക്‌സ് കാനഡ, കനനാസ്‌കിസ് കൗണ്ടി, ബ്രിട്ടീഷ് കൊളംബിയ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് അവലാഞ്ച് കാനഡ പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപകടകരമായ ഹിമപാത സാഹചര്യങ്ങള്‍ പ്രതീക്ഷിക്കണമെന്ന് വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതിദിനം ചൂടുള്ള വായു പടിഞ്ഞാറ് ഭാഗത്തുള്ള എല്ലാ പര്‍വ്വത പ്രദേശങ്ങളിലും നിലവിലുള്ള അപകടത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് അവലാഞ്ച് കാനഡ സീനിയര്‍ ഉദ്യോഗസ്ഥന്‍ മൈക്ക് കോണ്‍ലാന്‍ പറയുന്നു. ഇത് സ്ഥിരമായതോ ആഴത്തിലുള്ളതോ ആയ ഹിമപാത പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ ശക്തമായ ഹിമപാതത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വാരാന്ത്യത്തില്‍ ബാക്ക്കണ്‍ട്രിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നറിയിപ്പ് ഗൗരവമായി എടുക്കണമെന്ന് ബീസി എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് ക്ലൈമറ്റ് റെഡിനസ് മിനിസ്റ്റര്‍ ബോവിന്‍ മാ അഭ്യര്‍ത്ഥിച്ചു. വളരെ അനുഭവ പരിചയമുള്ളവരായിരുന്നിട്ട് കൂടി ഈ വര്‍ഷം ഹിമപാതത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.