കാനഡയില്‍  ക്ഷയരോഗം വ്യാപിക്കുന്നു; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വിദഗ്ധര്‍ 

By: 600002 On: Apr 28, 2023, 7:57 AM

 

കാനഡയില്‍ ക്ഷയരോഗം(Tuberculosis)  വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. പ്രവിശ്യകളിലുടനീളം ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്ഷയരോഗം  ഇല്ലാതാക്കുന്നതിനുള്ള രാജ്യത്തിന്റെ ദീര്‍ഘകാല ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി കോവിഡ് -19 വര്‍ധിച്ചതോടെയാണ് വീണ്ടും ക്ഷയരോഗം ആളുകള്‍ക്കിടയില്‍ വര്‍ധിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

കോവിഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ്, പ്രതിരോധം, രോഗ നിര്‍ണയം, ക്ഷയരോഗ ചികിത്സ തുടങ്ങിയ നിര്‍ണായക സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് കുറഞ്ഞതായി പബ്ലിക് ഹെല്‍ത്ത് ഫോര്‍ ഇന്‍ഡീജിനയസ് സര്‍വീസസ് കാനഡ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോം വോംഗ് പറഞ്ഞു. കോവിഡ് മുമ്പ് കുറഞ്ഞ ടിബി കേസുകള്‍, 2020 മുതല്‍ വര്‍ധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

രാജ്യത്തെ രോഗബാധിതരില്‍ അഞ്ച് ശതമാനത്തോളം പേരും ക്ഷയരോഗം മൂര്‍ച്ഛിച്ച് മരിക്കുന്നുവെന്നാണ് കണക്കുകള്‍. 2020 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 10 ശതമാനവും മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തുടനീളം, നിരവധി മേഖലകളില്‍ കേസുകള്‍ അടുത്തിടെ വര്‍ധിച്ചു, പ്രത്യേകിച്ച് ഇന്‍യൂട്ട്, ഫസ്റ്റ് നേഷന്‍സ് കമ്മ്യൂണിറ്റികളില്‍. ഈ കമ്മ്യൂണിറ്റികളില്‍ കോവിഡിന് മുമ്പ് ടിബി കേസുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഈയിടെ വലിയ വര്‍ധനവാണ് കാണുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. മാനിറ്റോബ, നുനാവുട്ട് എന്നിവടങ്ങളിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ ടിബി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ടിബി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാനഡയിലുടനീളം ടിബി എലിമിനേഷന്‍ പ്ലാന്‍ വികസിപ്പിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും വിവിധ ആരോഗ്യ സംഘടനകളും ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.