റൂട്ടിനെ ചൊല്ലി വാക്കുതര്‍ക്കം: ബീസിയില്‍ ഊബര്‍ ഡ്രൈവര്‍ക്ക് യാത്രക്കാരന്റെ ക്രൂര മര്‍ദ്ദനം

By: 600002 On: Apr 27, 2023, 10:35 AM

 

ബ്രിട്ടീഷ് കൊളംബിയയില്‍ അമന്‍ സൂദ് എന്ന ഊബര്‍ ഡ്രൈവറെ യാത്രക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്കിടയിലാണ് പ്രകോപിതനായ യാത്രക്കാരന്‍ ആക്രമിച്ചത്. ആക്രമണത്തെ തുടര്‍ന്ന് പരുക്കേറ്റ സൂദിന് ഇപ്പോള്‍ ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. 

അബോട്ട്‌സ്‌ഫോഡില്‍ നിന്നും കാറില്‍ കയറിയ യാത്രക്കാരനാണ് മര്‍ദ്ദിച്ചതെന്ന് സൂദ് പറഞ്ഞു. അയാള്‍ക്ക് പോകേണ്ട റൂട്ടില്‍ നിന്ന് വ്യത്യസ്തമായ റൂട്ട് ഊബര്‍ ആപ്പ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. പിന്നീട് വാക്കുതര്‍ക്കം മുറുകിയപ്പോള്‍ തന്റെ വാഹനത്തില്‍ നിന്നും ഇറങ്ങുവാന്‍ യാത്രക്കാരനോട് പറഞ്ഞതായി സൂദ് പറഞ്ഞു. ഇതില്‍ പ്രകോപിതനായ യാത്രക്കാരന്‍ സൂദിന് ആക്രമിക്കുകയായിരുന്നു. കഴുത്തിനും കൈകള്‍ക്കും പരുക്കേറ്റ സൂദ് പ്രാഥമിക ചികിത്സ തേടി. 

സംഭവത്തില്‍ യാത്രക്കാരനെതിരെ പരാതി നല്‍കിയിരിക്കുകയാണ് സൂദ്. സംഭവത്തിന്റെ ഡാഷ്‌ക്യാം വീഡിയോ പരിശോധിച്ച് വരികയാണെന്നും യാത്രക്കാരനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അബോട്ട്‌സ്‌ഫോര്‍ഡ് പോലീസ് അറിയിച്ചു. 

അതേസമയം, ജോലിക്കിടെ പരുക്കേറ്റവര്‍ക്ക് പ്രവിശ്യയിലെ മറ്റുള്ളവരെപ്പോലെ ആനുകൂല്യങ്ങള്‍ ആക്‌സസ് ചെയ്യാന്‍ സൂദിനെപ്പോലുള്ള ആപ്പ് അധിഷ്ഠിത തൊഴിലാളികള്‍ക്ക് കഴിയണമെന്ന് ബീസി ഫെഡറേഷന്‍ ഓഫ് ലേബര്‍ പ്രസിഡന്റ് സൂസന്‍ സ്‌കിഡ്‌മോര്‍ പ്രതികരിച്ചു.