മോഷണം പോയ 500 ലധികം വാഹനങ്ങള്‍ ടൊറന്റോ പോലീസ് കണ്ടെത്തി 

By: 600002 On: Apr 27, 2023, 10:05 AM

 

ടൊറന്റോ സിറ്റിയില്‍ ഓട്ടോ മോഷണം സംബന്ധിച്ച് മാസങ്ങള്‍ നീണ്ട അന്വേഷണത്തെ തുടര്‍ന്ന് 500 ലധികം വാഹനങ്ങള്‍ കണ്ടെടുത്തതായി ടൊറന്റോ പോലീസ് അറിയിച്ചു. 'പ്രോജക്ട് സ്റ്റാലിയന്‍' എന്ന പേരില്‍ 22,23 ഡിവിഷനുകളില്‍ സ്ഥിതി ചെയ്യുന്ന എറ്റബിക്കോക്കിന് സമീപ പ്രദേശങ്ങളിലാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി 27 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന 556 മോഷ്ടിച്ച വാഹനങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി പോലീസ് പറയുന്നു. സംഭവത്തില്‍ 119 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഗ്രേറ്റര്‍ ടൊറന്റോ ഏരിയ സ്വദേശികളാണെന്നും ഒരു ഡസനിലധികം പേര്‍ ക്യുബെക്കില്‍ നിന്നുള്ളവരാണെന്നും പോലീസ് അറിയിച്ചു. പ്രതികളില്‍ മിക്കവരും യുവാക്കളാണ്. 

മോണ്‍ട്രിയല്‍ തുറമുഖത്തേക്ക് പോകുന്ന ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ നിന്നും ഏകദേശം 30 വാഹനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗം വാഹനങ്ങളും ജിടിഎയില്‍ നിന്നാണ് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ഒരു കാര്‍ കണ്ടെത്തിയതില്‍ നിന്നും ആരംഭിച്ചതാണ് അന്വേഷണമെന്നും തുടര്‍ന്ന് 30 കാറുകളിലേക്കും ഒരു കണ്ടെയ്‌നറിലേക്കും നീണ്ടതായും പോലീസ് വ്യക്തമാക്കി.