കാനഡയില്‍ സാറ്റലൈറ്റ്-ടു-ഫോണ്‍ കവറേജ്: സ്‌പേസ് എക്‌സ്, ലിങ്ക് ഗ്ലോബല്‍ എന്നിവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് റോജേഴ്‌സ് 

By: 600002 On: Apr 27, 2023, 8:56 AM


കാനഡയിലുടനീളം സാറ്റലൈറ്റ് ടു ഫോണ്‍ കവറേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌പേസ് എക്‌സ്, ലിങ്ക് ഗ്ലോബല്‍ എന്നീ കമ്പനികളുമായി പങ്കാളിത്തത്തിലേര്‍പ്പെടുമെന്ന് റോജേഴ്‌സ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. പരമ്പരാഗത വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളുടെ പരിധിക്കപ്പുറമുള്ള രാജ്യത്തെ പ്രദേശങ്ങളില്‍ ആശയവിനിമയം നിലനിര്‍ത്തുകയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കരാറിന്റെ ലക്ഷ്യമെന്ന് റോജേഴ്‌സ് സിഇഒ ടോണി സ്റ്റാഫിയേരി പ്രഖ്യാപന വേളയില്‍ പറഞ്ഞു. വിദൂര സ്ഥലങ്ങളിലും ഗ്രാമീണ ഹൈവേകളിലും 5G, 4G ഫോണുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള സേവനം മൂന്ന് കമ്പനികളും സംയുക്തമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ലിങ്ക് ഗ്ലോബലിന്റെ സേവനം എസ്എംഎസ് ടെക്‌സ്റ്റിംഗിലൂടെ ആരംഭിക്കുകയും വോയ്‌സും ഡാറ്റയും ഉള്‍പ്പെടുത്തി വിപുലീകരിക്കുകയും ചെയ്യും. തുടര്‍ന്ന് എല്ലാ ജനങ്ങളെയും 5G, 4G  സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് 911 ലേക്കുള്ള സേവനം എളുപ്പമാക്കുകയും ചെയ്യും. സ്‌പേസ് എക്‌സ് വഴി കാനഡയിലെ സാറ്റലൈറ്റ്-ടു-ഫോണ്‍ ടെക്‌നോളജി സ്റ്റാര്‍ലിങ്കിന്റെ ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റും റോജേഴ്‌സിന്റെ നാഷണല്‍ വയര്‍ലെസ് സ്‌പെക്ട്രവും ഉപയോഗിക്കും. 

തുടക്കത്തില്‍, റോജേഴ്‌സും സ്‌പേസ് എക്‌സും എസ്എംഎസ് ടെക്സ്റ്റിനായുള്ള സാറ്റലൈറ്റ് കവറേജ് ആണ് നല്‍കുക. പിന്നീട് അത് വിദൂര സ്ഥലങ്ങളിലും, നാഷണല്‍ പാര്‍ക്കുകളിലും, ഗ്രാമീണ ഹൈവേകളിലും വോയിസും ഡാറ്റയും ലഭ്യമാക്കുന്നതിലേക്ക് വിപുലീകരിക്കും.