2.2 മില്ല്യൺ ഡോളറിന്റെ മയക്കുമരുന്ന് പിടികൂടി, രണ്ടുപേരെ പോലീസ് തിരയുന്നു

By: 600110 On: Apr 26, 2023, 9:26 PM

 

 

കഴിഞ്ഞ ഓഗസ്റ്റിൽ എഡ്മന്റനിൽ വച്ച് പിടികൂടിയ 2.2 മില്ല്യൺ വില വരുന്ന മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിൽ രണ്ടുപേർക്കെതിരെ പോലീസ് വാറണ്ട് പുറപ്പെടുവിച്ചു. 22 അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിട സമുച്ചയത്തിലാണ് ഫെന്റാനിൽ, കാർഫെന്റാനിൽ, മെത്ത് എന്നീ മാരക മയക്കുമരുന്നുകൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണത്തിൽ കെന്നെത് മുറേ മാത്യൂസ് (27), കരൺവീർ സിംഗ് സന്ധു (26) എന്നിവർക്കെതിരെ എഡ്മന്റൻ പോലീസ് വാറണ്ട് പുറത്തിറക്കി. കേസിനോട് അനുബന്ധിച്ച്, വ്യാജരേഖകൾ ചമച്ചതിനും ആൾമാറാട്ടത്തിനും കാതറിൻ ഫോബി മാത്യൂസ് (65) എന്നിവർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ഇത്ര കൂടിയ അളവിൽ മയക്കുമരുന്ന് പിടികൂടുന്നത് സുപ്രധാന സംഭവമാണ് എന്നും ഇത്തരം പ്രവൃത്തികളിലൂടെ സമൂഹത്തിൽ മയക്കുമരുന്നിന് അടിമകളായിക്കൊണ്ടിരിക്കുന്നവരെ രക്ഷപ്പെടുത്താനാകും എന്നും സ്റ്റാഫ് സർജന്റ് ദേവ് പാറ്റൺ പറഞ്ഞു. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർക്ക് 780-423-4567 എന്ന നമ്പറിലോ, 1-800-222-8477 എന്ന നമ്പറിലോ അറിയിക്കാവുന്നതാണ്.