ഗോതമ്പ് കൃഷിയിൽ ചരിത്രം രചിക്കാനൊരുങ്ങി കർഷകർ, 23 മില്ല്യൺ ഏക്കറിൽ കൃഷി ചെയ്യും

By: 600110 On: Apr 26, 2023, 9:24 PM

 

 

വിപണിയിൽ ശക്തമായ ആവശ്യം നിലനില്ക്കുന്നതിനാൽ ചരിത്രത്തിലെ ഏറ്റവും വലിയ അളവിലുള്ള ഗോതമ്പ് കൃഷിക്കായി തയ്യാറെടുക്കുകയാണ് കാനഡയിലെ കർഷകർ. കഴിഞ്ഞ വർഷത്തെ അളവിലും 6.2% വർദ്ധനവിൽ 23 മില്ല്യൺ ഏക്കറിൽ കൃഷി വ്യാപിപ്പിക്കാനാണ് ഇത്തവണ ആലോചിക്കുന്നത്. ഫെഡറൽ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഗോതമ്പിന്റെ വിപണി മൂല്യവും ആവശ്യകതയുമാണ് ഇങ്ങനെയൊരു ഉദ്യമത്തിന് പിന്നിൽ.

ലോകത്തിലെ പ്രമുഖ ഗോതമ്പ് കയറ്റുമതിക്കാരായിരുന്ന യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ ആഗോള തലത്തിൽ ഗോതമ്പിന്റെ വില കുതിച്ചുയർന്നു. കഴിഞ്ഞ വർഷത്തെ വിലയെ അപേക്ഷിച്ച് ഇപ്പോൾ ഇതിൽ ഇടിവ് വന്നിട്ടുണ്ടെങ്കിലും താരതമ്യേന മികച്ച ഒരു വിലയിലാണ് ഇപ്പോഴും ഗോതമ്പിന്റെ മൂല്യം നിൽക്കുന്നത്. എന്നാൽ പണപ്പെരുപ്പം മൂലം വളത്തിനും ഇന്ധനത്തിനും വില വർദ്ധിച്ചതും ഉയർന്ന പലിശ നിരക്കുകളുമെല്ലാം കർഷകർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.