കുട്ടികള്‍ക്കിടയില്‍ ആര്‍എസ്‌വി ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രവിശ്യയിലെ പീഡിയാട്രിക് ഹോസ്പിറ്റലുകള്‍ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. രോഗങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതേതുടര്‍ന്ന് പീഡിയാട്രിക് ഹെല്‍ത്ത് കെയറില്‍ സമ്മര്‍ദ്ദവും ശേഷിക്കുറവും അനുഭവപ്പെടുന്നുണ്ട്. ഇത് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനസഹായം പ്രഖ്യാപിച്ചിപിച്ചിരിക്കുന്നതെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് മിനിസ്റ്റര്‍ ജേസണ്‍ കോപ്പിംഗ് അറിയിച്ചു. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ കൂട്ടിച്ചേര്‍ക്കുക, നഴ്‌സ്, ഡോക്ടര്‍മാര്‍ തുടങ്ങി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുക, കാത്തിരിപ്പ് സമയം കുറയ്ക്കാനായി ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായാണ് തുക ചെലവഴിക്കുക.
യുസിപിയുടെ ഈ വര്‍ഷത്തെ ബജറ്റില്‍ നീക്കിവെച്ച 12 മില്യണ്‍ ഡോളര്‍ കാല്‍ഗറിയിലെ ആല്‍ബെര്‍ട്ട ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 10 പുതിയ സര്‍ജ് ബെഡുകളും ആറ് പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിുകളും ചേര്‍ക്കാനായി നല്‍കും. എഡ്മന്റണിലെ സ്റ്റോലറി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന് 12 സര്‍ജ് ബെഡുകളും ഒരു പീഡിയാട്രിക് ഐസിയുവും ലഭിക്കും.
കാല്‍ഗറിയില്‍ 61 പേര്‍ ഉള്‍പ്പെടെ 113 പുതിയ പെര്‍മനന്റ് ക്രിട്ടിക്കല്‍ കെയര്‍ ജീവനക്കാരെ നിയമിക്കുന്നതിന് ഫണ്ടിംഗ് ഉപയോഗിക്കും. കൂടാതെ രണ്ട് ആശുപത്രികളിലെ ഹ്രസ്വകാല ശസ്ത്രക്രിയാ യൂണിറ്റുകള്‍ വാരാന്ത്യങ്ങളില്‍ തുറക്കുന്നതിന് സമയം ദീര്‍ഘിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.