പ്രവിശ്യയില്‍ പോലീസ് റിക്രൂട്ട്‌മെന്റ് വര്‍ധിപ്പിക്കുന്നതിനായി ട്യൂഷന്‍ ഫീസും പോസ്റ്റ്-സെക്കന്‍ഡറി എജ്യുക്കേഷണല്‍ റിക്വയര്‍മെന്റ്‌സും ഒഴിവാക്കുന്നത് ഉള്‍പ്പെടെ, ചില പ്രധാന മാറ്റങ്ങള്‍ വരുത്തുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ അറിയിച്ചു. പ്രവിശ്യയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും തല്‍ഫലമായി സുരക്ഷ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രീമിയര്‍ ഡഗ്‌ഫോര്‍ഡ് പറഞ്ഞു. ഇതിനായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടിയിരിക്കുന്നു. ആളുകള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടാനും, നടപ്പാതകളില്‍, റോഡുകളില്‍ പേടിയില്ലാതെ ജനങ്ങള്‍ക്ക് സഞ്ചരിക്കാനും പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമാണെന്ന് ഡഗ്‌ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
റിക്രൂട്ട്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി ഒന്റാരിയോ പോലീസ് കോളേജിലെ അടിസ്ഥാന കോണ്‍സ്റ്റബിള്‍ പരിശീലന പരിപാടിയുടെ ട്യൂഷന്‍ ഫീസ് പ്രവിശ്യ നീക്കം ചെയ്യും. 2023 ജനുവരിയില്‍ പരിശീലനം ആരംഭിച്ച റിക്രൂട്ട്‌മെന്റുകള്‍ക്ക് ഈ മാറ്റം മുന്‍കാല പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.