നാലുപതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം കാളികാവില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.
കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ മാമുക്കോയ നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് എത്തിയത്. ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനനം. കോഴിക്കോട് എം എം ഹൈസ്‌കൂളിലായിരുന്നു പഠനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍.
സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂര്‍ ബാലന്‍ സംവിധായകനായ 'അന്യരുടെ ഭൂമി' (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1982-ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജന്‍ സംവിധാനം ചെയ്ത സ്നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം. പിന്നീട് നിരവധി സിനിമയില്‍ നിരവധി വേഷങ്ങളില്‍ മാമുക്കോയ ജനമനസ്സുകളില്‍ ഇടംപിടിച്ചു.