റോബ്ലോക്‌സ് ഗെയ്മിംഗ് പ്ലാറ്റ്‌ഫോമിലെ തട്ടിപ്പുകാര്‍: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട പോലീസ് 

By: 600002 On: Apr 26, 2023, 8:52 AM

 

റോബ്ലോക്‌സ്(Roblox) എന്ന ഗെയ്മിംഗ് പ്ലാറ്റ്‌ഫോമില്‍ കുട്ടികളെ വശീകരിച്ച് പണം തട്ടുകയും ലൈംഗിക ചൂഷണം ചെയ്യുകയും ചെയ്യുന്നവരെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട പോലീസ്. ആല്‍ബെര്‍ട്ട ഇന്റര്‍നെറ്റ് ചൈല്‍ഡ് എക്‌സ്‌പ്ലോയിറ്റേഷന്‍(ICE) /യൂണിറ്റാണ് ഗെയ്മിംഗ് പ്ലാറ്റ്‌ഫോമിലെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം നടത്തുന്നത്. മറ്റ് ഉപയോക്താക്കളുമായി ഗെയിമുകള്‍ സൃഷ്ടിക്കാനും കളിക്കാനും ആളുകളെ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമാണ് റോബ്ലോക്‌സ്. ആല്‍ബെര്‍ട്ടയില്‍ എട്ടിനും 11 നും ഇടയില്‍ പ്രായമുള്ള നിരവധി കുട്ടികളാണ് ഈ ഓണ്‍ലൈന്‍ ഗെയ്മിംഗില്‍ പങ്കെടുക്കുന്നത്. ഇവരെ എളുപ്പത്തില്‍ പറ്റിക്കാന്‍ സാധിക്കുമെന്നതിനാല്‍ തട്ടിപ്പുകാരുടെ സംഘം പ്രധാനമായും റോബ്ലോക്‌സില്‍ വലവീശുകയാണ് ചെയ്യുക. 

ഗെയ്മിംഗ് പ്ലാറ്റ്‌ഫോമിലൂടെ കുട്ടികളുമായി അടുത്തിടപഴകുന്ന തട്ടിപ്പുകാര്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ ആപ്പുകളിലേക്ക് കുട്ടികളെ ക്ഷണിക്കും. തുടര്‍ന്ന് ഇതിലൂടെ കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് ആര്‍സിഎംപി ഓഫീസര്‍ പറയുന്നു. 

റോബ്ലോക്‌സില്‍ ഗെയ്മിംഗ് ഇഷ്ടപ്പെടുന്ന കുട്ടികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. കുട്ടികളുടെ മേല്‍ എപ്പോഴും ജാഗ്രത ഉണ്ടായിരിക്കണം. റോബ്ലോക്‌സില്‍ പേരന്റല്‍ കണ്‍ട്രോള്‍, ചാറ്റ് ഫില്‍റ്റേഴ്‌സ്, റിപ്പോര്‍ട്ടിംഗ് അബ്യൂസ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗം വെബ്‌സൈറ്റില്‍ മാതാപിതാക്കള്‍ക്കായി ഉണ്ട്. അത് സംബന്ധിച്ചും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും പോലീസ് പറഞ്ഞു. ഇത്തരത്തില്‍ എന്തെങ്കിലും സംഭവമുണ്ടായാല്‍ ഉടന്‍ പ്രാദേശിക പോലീസുമായി ബന്ധപ്പെടണമെന്നും ആര്‍സിഎംപി അറിയിച്ചു.