ആഴ്ചയില്‍ നാല് ദിവസം ജോലി എന്ന മോഡല്‍ കാനഡയില്‍ ഭൂരിപക്ഷം പേരും പിന്തുണയ്ക്കുന്നതായി സര്‍വ്വെ റിപ്പോര്‍ട്ട്. റിക്രൂട്ടിംഗ് പ്ലാറ്റ്‌ഫോമായ Talent.com കാനഡ നടത്തിയ സര്‍വ്വേ പ്രകാരം ഈ രീതിയില്‍ താല്‍പ്പര്യമുണ്ടെന്ന് പത്തില്‍ ഒന്‍പത് പേരും(93 ശതമാനം) വെളിപ്പെടുത്തി. 57 ശതമാനം കനേഡിയന്‍ പൗരന്മാരും അവരുടെ കമ്പനി വാഗ്ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന മികച്ച മൂന്ന് പ്രൊഫഷണല്‍ ആനുകൂല്യങ്ങളില്‍ ഈ ആശയം ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചതായും സര്‍വ്വേ കണ്ടെത്തി.
ആഴ്ചയില്‍ നാല് ദിവസം ജോലി എന്ന മോഡല്‍ പരീക്ഷിച്ചതിലൂടെ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിച്ചതായും സര്‍വ്വേ കണ്ടെത്തി. എല്ലാ പ്രവൃത്തി ദിവസങ്ങളിലും തങ്ങള്‍ ഒരുപോലെ ഉല്‍പ്പാദനക്ഷമതയുള്ളവരല്ലെന്ന് ഭൂരിപക്ഷം പേരും പ്രതികരിച്ചു. തൊഴില്‍-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തല്‍, അമിത സമ്മര്‍ദ്ദം അനുഭവപ്പെടുന്നത് കുറയ്ക്കുക തുടങ്ങിയവയാണ് പുതിയ മോഡല്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
സര്‍വെയില്‍ പങ്കെടുത്ത പലരും ഇപ്പോഴും എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്ന മോഡലാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍, കുറച്ച് മണിക്കൂര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മിക്കവരും ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറല്ലെന്നും പ്രതികരിച്ചു.