വ്യാജ ഓഫർ ലെറ്ററുമായി വന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ

By: 600110 On: Apr 25, 2023, 7:04 PM

 

 

വിദ്യാഭ്യാസ സ്ഥാപനത്തിലേയ്ക്കുള്ള പ്രവേശനം സംബന്ധിച്ച ഓഫർ ലെറ്റർ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് എഴുന്നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ. ഇവർ കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷ സമർപ്പിച്ചപ്പോഴാണ് കനേഡിയൻ ബോർഡർ സർവീസ് ഏജൻസി ഓഫർ ലെറ്ററുകൾ വ്യാജമാണെന്നു കണ്ടെത്തിയത്. ഇതിൽ പലരും അവരുടെ പഠനം പൂർത്തിയാക്കിയവരാണ്. പലർക്കും വർക്ക് പെർമിറ്റും പ്രവൃത്തി പരിചയവും ലഭിച്ചിട്ടുണ്ട്.

ജലന്ധറിൽ പ്രവർത്തിച്ചിരുന്ന എഡ്യുക്കേഷൻ മൈഗ്രേഷൻ സർവീസസ് എന്ന സ്ഥാപനമാണ് ആയിരക്കണക്കിന് ഡോളർ പ്രതിഫലം വാങ്ങി ഈ വിദ്യാർത്ഥികളെ കാനഡയിലേയ്ക്ക് അയച്ചത്. ഇപ്പോൾ കമ്പനിയുടെ തലവനായ ബ്രിജേഷ് മിശ്ര ഒളിവിലാണ്, ജലന്ധറിലെ ഓഫീസും പൂട്ടിക്കിടക്കുകയാണ്. കോളേജ് ഓഫ് ഇമിഗ്രേഷൻ & സിറ്റിസൺഷിപ് കൺസൾട്ടന്റിൽ റെജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കു മാത്രമേ പണം വാങ്ങിക്കൊണ്ട് നിയമാനുസൃതമായി ഇമിഗ്രേഷൻ സേവനം നിർവഹിക്കാനാവൂ. എന്നാൽ വ്യാജ സ്ഥാപനങ്ങളാകട്ടെ, കാനഡയിൽ പഠിക്കണം എന്ന വിദ്യാർത്ഥികളുടെ ആഗ്രഹത്തെ ചൂഷണം ചെയ്ത് പണം തട്ടുന്നു. സംശയാസ്പദമായ സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് കനേഡിയൻ ഇമിഗ്രേഷൻ അഭിഭാഷകന്റെ സഹായം തേടാമെന്ന് അധികാരികൾ അറിയിച്ചു.