കിംഗ് ചാൾസിനെ പ്രതികൂലിച്ച് കാനഡ, അഭിപ്രായ സർവേ റിപ്പോർട്ട് പുറത്ത്

By: 600110 On: Apr 25, 2023, 6:50 PM

 

 

ആങ്കസ് റീഡ് ഇന്സ്റ്റിറ്റ്യൂട്ടിന്റെ പുതിയ സർവേ പ്രകാരം കിംഗ് ചാൾസിനെ തങ്ങളുടെ 'ഹെഡ് ഓഫ് സ്റ്റേറ്റ്' ആയി അംഗീകരിക്കാൻ ഭൂരിപക്ഷം കാനഡ സ്വദേശികൾക്കും താത്പര്യമില്ല. 2103 പേരിലാണ് പ്രസ്തുത സർവേ നടത്തിയത്. രാജഭരണത്തെ കുറിച്ചുള്ള വിവിധ കാഴ്ച്ചപ്പാടുകൾ, രാജകുടുംബത്തെ സംബന്ധിച്ച അഭിപ്രായം, കാനഡയും അവരും തമ്മിലുള്ള ബന്ധം എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് സർവേയിൽ ഉൾപ്പെട്ടിരുന്നത്. അന്തരിച്ച എലിസബത്ത് രാജ്ഞിയെ 63% ആളുകളും അംഗീകരിക്കുന്നതായി രേഖപ്പെടുത്തിയപ്പോൾ 28% ആളുകൾ മാത്രമാണ് കിംഗ് ചാൾസിനെ കുറിച്ച് അത്തരം അഭിപ്രായം പങ്കുവച്ചത്. 60% ആളുകൾ അദ്ദേഹം കാനഡയുടെ ഔദ്യോഗിക 'ഹെഡ് ഓഫ് സ്റ്റേറ്റ്' ആകുന്നതിനെ എതിർപ്പോടെയാണ് കാണുന്നത്.

ഭൂരിഭാഗം കാനഡ സ്വദേശികൾക്കും "ഗോഡ് സേവ് ദി കിംഗ്" എന്ന ദേശീയഗാനം പാടാനോ, കിം ചാൾസിനെ ചൊല്ലി സത്യപ്രതിജ്ഞ ചെയ്യാനോ, കറൻസിയിൽ അദ്ദേഹത്തിന്റെ മുഖം പതിച്ചു കാണുവാനോ താത്പര്യമില്ല. ന്യൂനപക്ഷമായിത്തീർന്ന തദ്ദേശീയ പരമ്പരാഗത വിഭാഗമാണ് രാജഭരണവുമായുള്ള ബന്ധം നിർത്തലാക്കണം എന്ന് കൂടുതലായി അഭിപ്രായപ്പെടുന്നത്. പ്രായം കണക്കാക്കുമ്പോൾ 54 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് കിം ചാൾസിനെ അനുകൂലിക്കുന്നത്. എന്നാൽ 35 വയസ്സിൽ താഴെ പ്രായമുള്ളവർക്കിടയിൽ എതിരഭിപ്രായമാണ് ഉള്ളത്.