കാല്‍ഗറിയിലേക്ക് പുതിയ കുടിയേറ്റക്കാരുള്‍പ്പെടെയുള്ളവര്‍ എത്തുന്നതോടെ നഗരത്തില്‍ ജനസംഖ്യ അനിയന്ത്രിതമാകുന്നതായി റിപ്പോര്‍ട്ട്. യുദ്ധാനന്തരം ഉക്രെയ്‌നില്‍ നിന്നും കാനഡയിലെത്തുന്ന അഭയാര്‍ത്ഥികളും കാല്‍ഗറിയിലേക്കെത്തുന്നുണ്ട്. ഇതോടെ ജനസംഖ്യ വര്‍ധിക്കുന്നതിനൊപ്പം താമസിക്കാന്‍ വീടുകളോ അപ്പാര്‍ട്ട്‌മെന്റുകളോ ലഭിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് Rentals.ca യില്‍ പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന വണ്‍ ബെഡ്‌റൂം യൂണിറ്റിന് വാടക ഈ വര്‍ഷം 25 ശതമാനം വര്‍ധിച്ചു. അതേസമയം, തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമാണ്. പ്രധാന കനേഡിയന്‍ നഗരങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആല്‍ബെര്‍ട്ടയിലെ ഫുഡ്ബാങ്ക് ഉപയോഗവും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 34 ശതമാനമാണ് ഫുഡ്ബാങ്ക് ഉപയോഗം വര്‍ധിച്ചത്.
തൊഴിലവസരങ്ങള്‍ക്കും മികച്ച ജീവിനിലവാരത്തിനുമായി ആളുകള്‍ കാല്‍ഗറിയിലേക്ക് ഒഴുകുന്നു. എന്നാല്‍ നേരത്തെ ഇവിടെയുണ്ടായിരുന്നവരും പുതിയ കുടിയേറ്റക്കാരും വിഭവങ്ങള്‍ക്കായി മത്സരിക്കുകയാണ്. ജനങ്ങള്‍ വര്‍ധിക്കുന്നതിനൊപ്പം വിഭവങ്ങളുടെ കുറവ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ എത്തുന്നത് കൊണ്ട് മാത്രമല്ല, ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെ റെക്കോര്‍ഡ് എണ്ണത്തിന് പുറമെ, മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള കനേഡിയന്‍ പൗരന്മാരുടെ എണ്ണവും കാല്‍ഗറിയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി. സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കാല്‍ഗറിയില്‍ പ്രതിദിനം 62 പുതിയ കുടിയേറ്റക്കാരെത്തുന്നുണ്ട്. 2027 ഓടെ 110,000 ആളുകള്‍ കാല്‍ഗറിയിലെത്തുമെന്നാണ് കണക്കുകള്‍. റെഡ് ഡീര്‍ ജനസംഖ്യയെക്കാള്‍ കൂടുതലാണ് ഇത്.