ഒന്നിലധികം സിടി സ്‌കാനുകള്‍ എടുക്കുന്ന കുട്ടികള്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതല്‍: പുതിയ പഠനം 

By: 600002 On: Apr 25, 2023, 9:57 AM

 

18 വയസ്സിന് മുമ്പ് നാലോ അതിലധികമോ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി(സിടി) സ്‌കാന്‍ ചെയ്യുന്ന കുട്ടികളില്‍ കാന്‍സര്‍ സാധ്യത ഇരട്ടയിലധികമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. തായ്‌വാനിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കുട്ടികളിലെ കാന്‍സര്‍ സംബന്ധിച്ച പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍(CMAJ) ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സിടി സ്‌കാനിന് വിധേയരായ കുട്ടികള്‍ക്ക് കാന്‍സര്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ ഒന്നില്‍ കൂടുതല്‍, പ്രത്യേകിച്ച് നാലെണ്ണത്തില്‍ കൂടുതല്‍ സിടി സ്‌കാനിന് വിധേയരായ കുട്ടികളില്‍ പിന്നീട് ബ്രെയിന്‍ ട്യൂമര്‍, ലുക്കീമിയ, ലിംഫോമ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ആറ് വയസ്സിന് മുമ്പ്, ഏഴ് മുതല്‍ 12 വയസ്സ് വരെ, 13 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളിലാണ് ഗവേഷണം നടത്തിയത്. ഇവരില്‍ റേഡിയേഷന്‍ ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നതും മുതിര്‍ന്ന കുട്ടികളെക്കാള്‍ ചെറിയ പ്രായത്തിലുള്ള കുട്ടികളിലാണെന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. 

സിടി സ്‌കാനുകള്‍ ഉയര്‍ന്ന റേഡിയേഷന്‍ ഡോസുകള്‍ നല്‍കുമെന്നും മുതിര്‍ന്നവരേക്കാള്‍ റേഡിയേഷനുമായി ബന്ധപ്പെട്ട മാരകരോഗങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുള്ള കുട്ടികളെ ഇത് ബാധിക്കുമെന്നും നേരത്തെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.