ക്വീന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ കൂടുതല്‍ സീറ്റുകള്‍ പ്രഖ്യാപിച്ച് ഒന്റാരിയോ 

By: 600002 On: Apr 25, 2023, 9:12 AM

 

കിംഗ്‌സ്റ്റണിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ കൂടുതല്‍ സീറ്റുകള്‍ ഒന്റാരിയോ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2023 നും 2028 നും ഇടയിലുള്ള അധ്യയന വര്‍ഷത്തേക്കുള്ള സീറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ അധ്യയന വര്‍ഷം മുതല്‍ 14 ബിരുദ, 22 ബിരുദാന്തര മെഡിക്കല്‍ സീറ്റുകളാണ് കൂടുതലായി ഉണ്ടാവുക. കൂടാതെ ഡര്‍ഹാം റീജിയണില്‍ ലെക്കറിഡ്ജ് ഹെല്‍ത്തുമായി ക്വീന്‍സിനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ പങ്കാളിത്തവും പ്രഖ്യാപിച്ചു. 

പുതിയ ക്യാമ്പസിലൂടെ 20 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡര്‍ഹാം റീജിയണിലെ ലെക്കറിഡ്ജ് ഹെല്‍ത്തില്‍ മുഴുവന്‍ വിദ്യാഭ്യാസവും ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ഹെല്‍ത്ത് സയന്‍സസ് ഫാക്കല്‍റ്റി ഡീന്‍ ഡോ. ജെയ്ന്‍ ഫില്‍പോട്ട് പറഞ്ഞു. പ്രവിശ്യയിലെ ജനറല്‍ പ്രാക്ടീഷണര്‍ ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ് പുതിയ തസ്തികകളില്‍ ഭൂരിഭാഗമെന്നും, 60 ശതമാനം ഫാമിലി ഫിസിഷ്യന്മാര്‍ക്കായി നീക്കിവെച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഒന്റാരിയോയിലെ ആറ് മെഡിക്കല്‍ സ്‌കൂളുകള്‍ക്കും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭ്യമാകുന്ന ബിരുദ, ബിരുദാന്തര സീറ്റുകളുടെ വര്‍ധനവ് അനുവദിച്ചിട്ടുണ്ട്. ഒന്റാരിയോ സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2028 ആകുമ്പോഴേക്കും ഒന്റാരിയോയില്‍ 1,212 ബിരുദ, 1,637 ബിരുദാനന്തര സീറ്റുകള്‍ ഉണ്ടായിരിക്കും. 2028 ഓടെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ആകെ 134 ബിരുദ, 178 ബിരുദാന്തര സീറ്റുകളുമുണ്ടാകും.