സിറ്റി ബസുകളിലും ട്രെയിനുകളിലും കൂടുതല്‍ പോലീസും സുരക്ഷയും ആവശ്യമെന്ന് ട്രാന്‍സിറ്റ് അസോസിയേഷന്‍ 

By: 600002 On: Apr 25, 2023, 8:47 AM

 

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ വാഗ്ദാനം ചെയ്യുകയും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യണമെന്ന് കനേഡിയന്‍ അര്‍ബന്‍ ട്രാന്‍സിറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സിറ്റി ട്രെയിനുകളിലും ബസുകളിലും തുടരുന്ന ആക്രമണങ്ങള്‍ തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയും ചെയ്യണമെന്ന് ട്രാന്‍സിറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

കൂടുതല്‍ ഓണ്‍ ദി ഗ്രൗണ്ട് പീസ് ഓഫീസര്‍മാരെയും പ്രത്യേക കോണ്‍സ്റ്റബിള്‍മാരെയും പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ പൊതുഗതാഗതത്തില്‍ റൈഡര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 27 നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് മാര്‍ക്കോ ഡി ആഞ്ചലോ പറഞ്ഞു. ട്രാന്‍സിറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, എല്ലാ ട്രാന്‍സിറ്റ് തൊഴിലാളികള്‍ക്കും സുരക്ഷ ഒരുക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ ക്രിമിനല്‍ കോഡ് ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

ടിടിസിയില്‍ സമീപകാലത്ത് വര്‍ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയതായി ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. ടൊറന്റോ ട്രാന്‍സിറ്റ് കമ്മീഷനായി ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനായുള്ള ധനസഹായ പ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിടിസിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കാനും നഗരത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.