മിസ്സിസാഗ ഗ്യാസ് സ്‌റ്റേഷന്‍ വെടിവെപ്പ്: പ്രതിക്കെതിരെ കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചു 

By: 600002 On: Apr 25, 2023, 8:24 AM

 

മിസ്സിസാഗ ഗ്യാസ് സ്റ്റേഷനില്‍ പവന്‍പ്രീത് കൗര്‍ എന്ന 21 കാരിയെ അതിക്രൂരമായി വെടിവെച്ചു കൊന്ന കേസില്‍ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയ പ്രതി ധരംസിംഗ് ധലിവാള്‍(30) എന്നയാള്‍ക്ക് വേണ്ടി കാനഡയിലുടനീളം പോലീസ് വാറണ്ട് പുറപ്പെടുവിച്ചു. 2022 ഡിസംബര്‍ 3 ന് രാത്രി 10.40 ഓടെ ബ്രിട്ടാനിയ, ക്രെഡിറ്റ് വ്യൂ റോഡിലെ പെട്രോ-കാനഡ ഗ്യാസ് സ്‌റ്റേഷനിലാണ് വെടിവെപ്പ് നടന്നത്. പവന്‍പ്രീതുമായുണ്ടായ പ്രണയ നൈരാശ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്. പവന്‍പ്രീതിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനായി 2022 സെപ്റ്റംബറില്‍ ധരംസിംഗ് ആത്മഹത്യ ചെയ്തുവെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച് ഒളിവില്‍ പോവുകയായിരുന്നു.  

ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്ന പവന്‍പ്രീതിനെ കൊല ചെയ്യാനായി മൂന്ന് മണിക്കൂര്‍ മുമ്പ് ഗ്യാസ് സ്റ്റേഷന്‍ പരിസരത്ത് ധരംസിംഗ് എത്തിയതായി തെളിവുകളുണ്ട്. ബൈക്കില്‍ പ്രതി ഗ്യാസ് സ്റ്റേഷനിലെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 

ധരംസിംഗിനെതിരെ 2022 ല്‍ ഗുരുതരമായ നിരവധി ഗാര്‍ഹിക പീഡന കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കുറ്റകൃത്യങ്ങളില്‍ ധരംസിംഗ് ജാമ്യത്തിലിറങ്ങുകയും പിന്നീട് കാണാതാവുകയുമായിരുന്നുവെന്ന് പോലീസ് മേധാവി ഡേവിസ് ബക്‌സ്റ്റര്‍ പറഞ്ഞു. ഏപ്രില്‍ 24 ന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ധരംസിംഗ് തന്റെ രൂപം മാറ്റിയിരിക്കാമെന്നും പുതിയ പേര് ഉപയോഗിക്കാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. 

അതേസമയം, ഏപ്രില്‍ 18 ന് പവന്‍പ്രീത് കൗറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ധരംസിംഗിന്റെ അമ്മ അമര്‍ജിത് ധലിവാള്‍(50) സഹോദരന്‍ പ്രിത്പാല്‍ ധലിവാള്‍(25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറയുന്നു.