ടൊറന്റോ വിമാനത്താവളത്തിൽ മോഷണം, 20 മില്ല്യൺ ഡോളറിന്റെ വസ്തുക്കൾ നഷ്ടപ്പെട്ടു

By: 600110 On: Apr 24, 2023, 7:05 PM

 

 

ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണവും മറ്റ് വിലപ്പെട്ട വസ്തുക്കളും കാണാതായത് ഉള്ളിൽ നിന്നു തന്നെയുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാനാണ് സാധ്യത എന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ. അമൂല്യമായ കാർഗോയുടെ വിശദവിവരങ്ങൾ ലഭിച്ചെങ്കിൽ മാത്രമേ ഇത്രയും കൃത്യതയോടെ മോഷണം നടത്തുവാൻ സാധിക്കുകയുള്ളൂ എന്നും ഇത് യാദൃശ്ചികമായി ഒരു അവസരം വീണു കിട്ടിയപ്പോൾ നടത്തിയ മോഷണം ആകാനിടയില്ല എന്നും വാട്ടർലൂ സർവകലാശാലയിലെ സോഷ്യോളജി & ലീഗൽ സ്റ്റഡീസ് പ്രൊഫസർ ഫിൽ ബോയ്ൽ പറഞ്ഞു.

വിമാനത്താവളത്തിന്റെ സൂക്ഷിപ്പ് കേന്ദ്രത്തിൽ നിന്നും നഷ്ടപ്പെട്ട വസ്തുക്കൾക്ക് 20 മില്ല്യൺ ഡോളറിന്റെ മൂല്യമുണ്ട്. ഇവ എപ്രകാരമാണ് മോഷ്ടിക്കപ്പെട്ടത് എന്നോ, സംശയിക്കപ്പെടുന്ന പ്രതികളെ സംബന്ധിച്ച വിവരങ്ങളോ പോലീസ് സേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിമാനത്താവളത്തിന്റെ പ്രഥമ സുരക്ഷാ വലയത്തിന് പുറത്ത് ഒരു ഗോഡൗണിലാണ് മോഷണം നടന്നത്. അതിനാൽ ഇത് മറ്റ് യാത്രക്കാർക്കോ അവരുടെ സ്വത്തുക്കൾക്കോ ഭീഷണി ഉയർത്തുന്നില്ല എന്ന് പോലീസ് ഇൻസ്പെക്ടർ സ്റ്റീഫൻ ഡ്യുവെസ്റ്റീൻ പറഞ്ഞു.