ഓസ്റ്റണിൽ കാണാതായ യുവതിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

By: 600084 On: Apr 24, 2023, 4:08 PM

പി പി ചെറിയാൻ, ഡാളസ്.

ഓസ്റ്റിൻ(ടെക്സാസ്) : കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ 25 കാരിയായ ടിയറ സ്‌ട്രാൻഡ് എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി ടെക്‌സസ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് സ്‌ട്രാൻഡിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ബെൽ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.

വാക്കോയ്ക്കും ടെമ്പിളിനും ഇടയിലുള്ള ബെൽ കൗണ്ടി റോഡിന്റെ വശത്തുള്ള ഒരു കുഴിയിൽ ഒരു വഴിയാത്രക്കാരനാണു മൃതദേഹം കണ്ടെത്തിയത്.  “മരണത്തിന്റെ കാരണവും രീതിയും ഇപ്പോൾ അജ്ഞാതമാണ്, മെഡിക്കൽ എക്സാമിനറുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ്,” അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

കേസിൽ ഫൗൾ പ്ലേ സംശയിക്കുന്നതായി സ്ട്രാൻഡിന്റെ പിതാവിനോട് അധികൃതർ പറഞ്ഞു. ഏപ്രിൽ 16 ന് അതിരാവിലെ ഓസ്റ്റിനിലെ മൂസെക്നക്കിൾ പബ്ബിലാണ് 25 കാരിയായ യുവതിയെ അവസാനമായി ജീവനോടെ കണ്ടത്. ഒരു കൂട്ടം പെൺകുട്ടികൾ ക്ലബ്ബിൽ വച്ച് തന്നെ ആക്രമിച്ചെന്നും വഴക്ക് പുറത്തേക്ക് നീങ്ങിയെന്നും സ്ട്രാൻഡിന്റെ അമ്മ മോണിക്ക ഹെറോൺ വിശ്വസിക്കുന്നു.

മകൾക്  അവരോട് ദേഷ്യമുണ്ടെന്ന് അമ്മ പറഞ്ഞു, ഫോൺ, പേഴ്സ്, ബാങ്ക് കാർഡ്,കാറിന്റെ താക്കോലുകളോ എടുക്കാതെയാണ്  മകൾ  ഇറങ്ങിപ്പോയതായി അവർ പറഞ്ഞു.  അവൾക്ക് സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ട്. നാവികസേനയിലേക്ക് പോകുക എന്നത് അവളുടെ സ്വപ്നമായിരുന്നുവെന്നും ഹെറോൺ പറഞ്ഞു.