റഷ്യന്‍ വ്യോമാതിര്‍ത്തി നിരോധനത്തിന് ഒരു വര്‍ഷം: ഫ്‌ളൈറ്റ് ചെലവും സമയദൈര്‍ഘ്യവും വര്‍ധിച്ചു; ടിക്കറ്റ് നിരക്കുകളും കൂടി 

By: 600002 On: Apr 24, 2023, 11:27 AM

 

റഷ്യ-ഉക്രെയ്ന്‍ യുദ്ധം സാരമായി ബാധിച്ച മേഖലകളിലൊന്നാണ് വ്യോമയാന മേഖല. കനേഡിയന്‍, അമേരിക്കന്‍, ബ്രിട്ടീഷ്, യൂറോപ്യന്‍ യൂണിയന്‍ വിമാനങ്ങള്‍ക്ക് റഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒരു വര്‍ഷം കഴിയുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഷ്യ വ്യോമാതിര്‍ത്തി അടച്ചത് മറ്റ് രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ക്ക് വന്‍ ചെലവും സമയദൈര്‍ഘ്യവും വര്‍ധിപ്പിച്ചു. ഇവ എയര്‍ലൈനുകളെ ദോഷകരമായി ബാധിച്ചു. അടച്ചുപൂട്ടല്‍ കാരണം, വിമാനക്കമ്പനികള്‍ ഇപ്പോള്‍ വിമാനങ്ങള്‍ റൂട്ട് മാറ്റി സര്‍വീസ് നടത്തുകയാണ്. ഇത് പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കുകയും ഫ്‌ളൈറ്റ് സമയം വര്‍ധിപ്പിക്കുകയും ചെയ്തു. 

കൂടാതെ, വര്‍ധിച്ചു വരുന്ന ഇന്ധനച്ചെലവുകളും കൂടി ആകുമ്പോള്‍ ലോകമെമ്പാടുമുള്ള വിമാനക്കമ്പനികള്‍ വര്‍ധിച്ചുവരുന്ന ചെലവുകളുമായി പൊരുതുകയാണ്. ഇത് എയര്‍ലൈന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു. 

ഏഷ്യയിലും മിഡില്‍ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലും എത്താന്‍ മണിക്കൂറുകളാണ് ഇപ്പോള്‍ സമയമെടുക്കുന്നത്. വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരുന്ന യൂറോപ്യന്‍ എയര്‍ലൈനുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കനേഡിയന്‍ വിമാനക്കമ്പനികളെയും വ്യോമാതിര്‍ത്തി അടച്ചത് കാര്യമായി ബാധിച്ചിട്ടുണ്ട്. തെക്ക്, കിഴക്കന്‍ ഏഷ്യയിലേക്ക് പോകുന്ന വിമാനങ്ങള്‍ ദിവസവും റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ ചുറ്റിക്കറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. കൂടാതെ റഡാറില്‍ കുടുങ്ങാതെയും ശ്രദ്ധിക്കേണ്ടതുണ്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും വന്‍ തുക മുടക്കിയുള്ള അന്താരാഷ്ട്ര യാത്രയ്ക്കുമിടയില്‍ യാത്രക്കാര്‍ക്ക് ദൈര്‍ഘ്യമേറിയ യാത്രകള്‍, കൂടുതല്‍ ഇന്ധന ചെലവുകള്‍, ടിക്കറ്റ് നിരക്കുകള്‍ എന്നിവ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു.