ബ്രേക്ക് ഫ്‌ളൂയിഡില്‍ തീപിടുത്തത്തിന് കാരണമായേക്കാവുന്ന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 നും അതിന് ശേഷവുമുള്ള ചില ഷെവര്‍ലെ സില്‍വറഡോ മീഡിയം ഡ്യൂട്ടി ട്രക്കുകള്‍ ജനറല്‍ മോട്ടോഴ്‌സ് തിരിച്ചുവിളിക്കുന്നു. 40,428 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച യുഎസ് സേഫ്റ്റി റെഗുലേറ്റര്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം 2019 നും 2023നും ഇടയിലുള്ള 4500 HD, 5500 HD, 6500HD മോഡലുകളാണ് തിരിച്ചുവിളിക്കുന്നവയില്‍ ഉള്‍പ്പെടുന്നത്.
വാഹനങ്ങള്‍ക്ക് ബ്രേക്ക് പ്രഷര്‍ സെന്‍സര്‍ അസംബ്ലി ഉണ്ടായിരിക്കാം, അത് ബ്രേക്ക് ഫ്‌ളൂയിഡ് ചോര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാവുകയും വാഹനത്തില്‍ തീപിടിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി കമ്പനി പറയുന്നു. വാഹനം ഓടിക്കുമ്പോഴോ പാര്‍ക്ക് ചെയ്യുമ്പോഴോ തീപിടിക്കാനുള്ള സാധ്യതയുണ്ടെന്നും കമ്പനി ചൂട്ടിക്കാട്ടി. ഇതുവരെ പ്രശ്‌നം സംബന്ധിച്ച് പരാതികളോ മറ്റ് സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. മുന്‍കരുതല്‍ എന്ന നിലയിലാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
തിരിച്ചുവിളിക്കുന്ന അറിയിപ്പ് ലഭിക്കുന്നത് വരെ ബാധിക്കപ്പെടാന്‍ സാധ്യതയുള്ള മോഡലുകളിലുള്ള വാഹനങ്ങള്‍ ഉടമകള്‍ വീടുകളില്‍ നിന്നും മറ്റും അകലെയായി പാര്‍ക്ക് ചെയ്യാന്‍ കമ്പനി മുന്നറിയിപ്പ് നല്‍കി.