പിഎസ്എസി പണിമുടക്ക് തുടരുന്നു; പാസ്‌പോര്‍ട്ടിനായി ഇപ്പോള്‍ അപേക്ഷിക്കരുതെന്ന് മന്ത്രി കരീന ഗൗള്‍ഡ് 

By: 600002 On: Apr 24, 2023, 8:23 AM

 

കാനഡയില്‍ ഫെഡറല്‍ ജീവനക്കാരുടെ പണിമുടക്ക് അഞ്ചാം ദിവസവും തുടരുകയാണ്. ജീവനക്കാരില്ലാത്തതിനാല്‍ രാജ്യത്തുടനീളമുള്ള നിരവധി സര്‍വീസുകളാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുകയോ പഴയത് പുതുക്കുകയോ ചെയ്യരുതെന്ന് ഫാമിലീസ്, ചില്‍ഡ്രന്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ കരീന ഗൗണ്‍ഡ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജീവനക്കാരില്ലാത്തതിനാല്‍ പ്രോസസ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പൂര്‍ത്തിയാക്കാനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. അതിനാല്‍ പുതിയ അപേക്ഷകള്‍ നല്‍കിയാലും അവ പ്രോസസ് ചെയ്യാന്‍ കാലതാമസം നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. 

ജനങ്ങള്‍ക്ക് അവരുടെ അപേക്ഷകള്‍ മെയില്‍ ചെയ്യാനും ഏതെങ്കിലും ഒരു സര്‍വീസ് കാനഡ ലൊക്കേഷനിലോ പാസ്‌പോര്‍ട്ട് ഓഫീസിലോ അപേക്ഷിക്കാനും കഴിയും. എങ്കിലും അടിയന്തര സാഹചര്യങ്ങളല്ലാതെ അവ പ്രോസസ് ചെയ്യാന്‍ സാധിക്കില്ലെന്ന് ഗൗള്‍ഡ് അറിയിച്ചു. 

അത്യാവശ്യ ജോലികള്‍ക്കായുള്ള യാത്ര, വിദേശ രാജ്യത്തുള്ള ചികിത്സ, ഗുരുതരാവസ്ഥയിലുള്ള കുടുംബാംഗങ്ങളോ കാണാന്‍ തുടങ്ങി മാനുഷിക അല്ലെങ്കില്‍ അടിയന്തര സാഹചര്യങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ മാത്രമാണ് അപേക്ഷ നല്‍കാവൂ എന്നും ഗൗള്‍ഡ് പറഞ്ഞു.