പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീപിടിച്ചതോടെ യുഎസില്‍ വിമാനം അടിയന്തരമായി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് കൊളംബസ് ജോണ്‍ ഗ്ലെന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നയുടനെ പക്ഷിയെ ഇടിച്ചത്. ഇതിന് പിന്നാലെ വിമാനത്തിന്റെ വലത് ഭാഗത്തുള്ള ചിറകില്‍ നിന്നും തീയും പുകയും ഉയരുകയായിരുന്നു. അരിസോണയിലെ ഫീനിക്‌സിലേക്കാണ് വിമാനം പറന്നുയര്‍ന്നത്. ഇതിന് പിന്നാലെ വിമാനം കൊളംബസ് വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
രാവിലെ 7.43 നാണ് വിമാനം വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. അപകടത്തെ തുടര്‍ന്ന് വിമാനം 8.22 ന് അതേ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. ആകാശത്ത് വെച്ച് വിമാനത്തിന്റെ എഞ്ചിനില്‍ പക്ഷികളോ മറ്റെന്തെങ്കിലും വസ്തുക്കളോ വന്നിടിച്ചാല്‍ വിമാനം തകരാന്‍ അത് കാരണമാകും. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലെ പൈലറ്റിന്റെയും ക്രൂ അംഗങ്ങളുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്.