മോൺട്രിയലിൽ വ്യാഴാഴ്ച്ച ഉണ്ടായ തീപിടിത്തത്തിൽ ഒരു മൂന്ന് നില കെട്ടിടം ഭാഗികമായി കത്തിനശിച്ച സംഭവത്തിൽ ഏഴുപേരെ കാണാതായിട്ടുണ്ടെന്ന് അഗ്നിശമന സേന അധികാരികൾ അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് കാണാതായവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. പോലീസ് വകുപ്പിന്റേയും അഗ്നിശമന സേനയുടെയും സുരക്ഷയെ മുൻനിർത്തി, കെട്ടിടം മുഴുവനായും പൊളിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്ന് അഗ്നിശമന സേനയുടെ മേധാവി മാർട്ടിൻ ഗിൽബാൾട്ട് അറിയിച്ചു. പരിക്കു പറ്റിയ ഒൻപത് പേരിൽ രണ്ടുപേർ ആശുപത്രിയിൽ തന്നെ തുടരുകയാണ്.
സംഭവം അറിഞ്ഞ് നിരവധി ആളുകളാണ് മൂന്ന് ദിവസമായി കെട്ടിടത്തിന്റെ പരിസരത്ത് പ്രാർത്ഥനയുമായി എത്തിച്ചേർന്നത്. ഒരു ആർക്കിടെക്ചറൽ സ്ഥാപനവും നിരവധി പാർപ്പിടങ്ങളുമാണ് ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത്. അഗ്നിബാധയുടെ കാരണമെന്ത് എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
കാണാതായവരിൽ ഭൂരിഭാഗവും കുടിയേറ്റം ചെയ്തവരും അല്പകാലത്തേയ്ക്കു മാത്രം വാടകനല്കി അവിടെ താമസിക്കുന്നവരുമാണ്.