സാമ്പത്തിക പ്രതിസന്ധിയിൽ  ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനകാര്യവകുപ്പ് 

By: 600021 On: Mar 19, 2023, 1:45 AM

സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് അർധരാത്രി വരെ ട്രഷറി പ്രവർത്തിക്കുമെങ്കിലും മാർച്ച് 29ന് ശേഷം സമർപ്പിക്കുന്ന ബില്ലുകൾ സ്വീകരിക്കേണ്ടെന്ന് ട്രഷറി ഡയറക്ടർക്ക് ധനകാര്യവകുപ്പിൻ്റെ  നിർദ്ദേശം. 28ന് ശേഷം ലഭിക്കുന്ന സർക്കാർ വകുപ്പുകളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും ബില്ലുകൾ മാർച്ച് 31നകം മാറില്ലെന്നും ക്യൂവിലേക്ക് മാറ്റി അടുത്ത സാമ്പത്തിക വർഷം ടോക്കൺ അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം.ഇതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ വകുപ്പുമേധാവികളും ഓഫീസർമാരും മാർച്ച് 29 അഞ്ചു മണിക്ക് മുമ്പായി ബില്ലുകളും ചെക്കുകളും ട്രഷറിയിൽ സമർപ്പിക്കണം. ഇതിനുശേഷമുള്ള ഒരു ബില്ലും അംഗീകരിക്കുകയില്ല. ബജറ്റ് വിഹിതം അനുസരിച്ചുള്ള അലോട്ട്മെന്‍റ്  ലെറ്ററുകൾ മാർച്ച് 25ന് ബന്ധപ്പെട്ട ട്രഷറികളിൽ സമർപ്പിക്കണം. വിതരണം പൂർത്തിയാക്കാത്തതോ അന്തിമ വൗച്ചർ ഇല്ലാത്തതോ ആയ ബില്ലുകൾ അംഗീകരിക്കില്ലെന്നും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു.