ഓൺടാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രവിശ്യയിലേയ്ക്കു വരുന്ന സാമ്പത്തിക കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ ഓൺടാരിയോ ഫെഡറൽ ഗവൺമെന്റുമായി സമ്മതിച്ചു. ഈ പദ്ധതിക്കായി 2021 ൽ 9000 സ്ഥലങ്ങൾ സജ്ജമാക്കിയിരുന്നപ്പോൾ 2025 ൽ 18000 സ്ഥലങ്ങളായി ഇത് വികസിപ്പിക്കും. പുതിയ കരാർ പ്രകാരം ആരോഗ്യ പരിപാലകർക്കും തൊഴിൽ വിദഗ്ദ്ധർക്കും മുൻഗണന കൊടുത്തുകൊണ്ട് തൊഴിലാളുകളുടെ കുറവ് പരിഹരിക്കുമെന്ന് ഓൺടാരിയോയിലെ തൊഴിൽവകുപ്പ് മന്ത്രി മോൺടെ മക്നോട്ടൻ പറഞ്ഞു.
ആശയം നടപ്പിലാക്കുന്നതിനായി നിരവധി പരിഷ്കാരങ്ങളാണ് പ്രവിശ്യയിൽ ഉദ്ദേശിക്കുന്നത്. കാനഡയിൽ ജോലി ചെയ്ത മുൻപരിചയം വേണം എന്ന നിയമം ഇളവ് ചെയ്യുന്നതിലൂടെ പുതിയതായി വരുന്ന തൊഴിലാളികൾക്ക് കൂടുതൽ അവസരം ലഭിക്കും. തൊഴിലാളികൾക്ക് ആവശ്യമായ പരിശീലന പരിപാടികളും നടപ്പിലാക്കും. ഇവരുടെ അപേക്ഷകൾ 90 ദിവസത്തിനകം അംഗീകരിക്കുവാൻ വേണ്ട നടപടികളും സ്വീകരിക്കും. ഈ പരിഷ്കാരം വളരെ അധികം പ്രതീക്ഷയോടെയാണ് കനേഡിയൻ സമൂഹം നോക്കിക്കാണുന്നത് എന്നും ഇതിലൂടെ ഗൃഹനിർമാണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും സമഗ്ര പുരോഗതി കൈവരിക്കുമെന്നും ഫെഡറൽ ഇമിഗ്രേഷൻ മന്ത്രി ഷോൺ ഫ്രേസർ പറഞ്ഞു.