ബീസിയില്‍ കുട്ടികളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കനേഡിയന്‍ ആന്റി ഫ്രോഡ് സെന്റര്‍

By: 600002 On: Mar 18, 2023, 8:15 AM

കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് ബീസിയില്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കനേഡിയന്‍ ആന്റി ഫ്രോഡ് സെന്റര്‍. ഫ്രേസര്‍ ഹെല്‍ത്ത് ചൈല്‍ഡ് അബ്യൂസ് ആന്‍ഡ് നെഗ്ലറ്റ്, മേപ്പിള്‍ റിഡ്ജ് സര്‍വീസസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ കുട്ടികളെ ലക്ഷ്യം വെക്കുന്നത്. ടെക്സ്റ്റ് മെസ്സേജുകള്‍ അയച്ച് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായി ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി അധികൃതര്‍ പറയുന്നു. 

രക്ഷിതാക്കളെയാണ് ആദ്യം വിളിക്കുന്നതെന്നും കുട്ടികളുടെ ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യാനും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. നമ്പര്‍ നല്‍കിയില്ലെങ്കില്‍ വീട്ടിലെത്തി കുടുംബത്തിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതില്‍ ഭയപ്പെട്ടുപോകുന്ന രക്ഷിതാക്കള്‍ തട്ടിപ്പുകാരുടെ ആവശ്യത്തിന് വഴങ്ങുന്നു. 

ഇത്തരം സന്ദേശങ്ങളോ ഫോണ്‍കോളുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കരുതലോടെ പെരുമാറണമെന്നും ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ രീതിയില്‍ സന്ദേശം ലഭിക്കുന്നവര്‍ പ്രാദേശിക പോലീസുമായി ബന്ധപ്പെടണമെന്നും CAFC യില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെടുന്നു.