വ്‌ളാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര കോടതി

By: 600002 On: Mar 18, 2023, 7:47 AM


റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ICC). യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് അറസ്റ്റ് വാറണ്ട്. യുക്രെയിനില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്നതാണ് കുറ്റം. കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയതിനും അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിനും പുടിന്‍ ഉത്തരവാദിയാണെന്ന് വാറണ്ടില്‍ പറയുന്നു. 

2022 ഫെബ്രുവരി 24 മുതലെങ്കിലും യുക്രേനിയന്‍ അധിനിവേശ പ്രദേശത്ത് കുറ്റകൃത്യങ്ങള്‍ നടന്നതായും വാറണ്ടില്‍ ആരോപിക്കപ്പെടുന്നു. സമാനമായ കുറ്റങ്ങളില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള റഷ്യയുടെ പ്രസിഡന്‍ഷ്യല്‍ കമ്മീഷണറായ മരിയ എല്‍വോവ-ബെലോവയ്ക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ചതായി ഹേഗ് ആസ്ഥാനമായുള്ള ഐസിസി അറിയിച്ചു.

അതേസമയം, കോടതിയുടേത് അതിരുകടന്ന നടപടിയെന്നാണ് റഷ്യയുടെ പ്രതികരണം. അംഗരാജ്യങ്ങള്‍ക്കെതിരെ മാത്രമേ കോടതിക്ക് നടപടിയെടുക്കാനുകുവെന്നും റഷ്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമല്ലെന്നും റഷ്യ വ്യക്തമാക്കി. നടപടിയെ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി സ്വാഗതം ചെയ്തു. റഷ്യ എതിര്‍ക്കുമ്പോഴും അറസ്റ്റ് വാറണ്ട് പരസ്യമാക്കിയത് പുടിന്റെ അന്താരാഷ്ട്ര യാത്രകള്‍ക്ക് തടസ്സമായേക്കും.